ടോക്യോ : വനിതാ ഹോക്കിയിൽ തുടർച്ചയായ മൂന്നാം തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന്റെ ക്വാർട്ടർ പ്രതീക്ഷകൾ മങ്ങി. പൂൾ എയിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗ്രേറ്റ് ബ്രിട്ടണോട് ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി. കഴിഞ്ഞ മത്സരങ്ങളിലേപ്പോലെ അവസരങ്ങൾ പാഴാക്കിയതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം. മറുവശത്ത് കിട്ടിയ അവസരങ്ങൾ മുതലാക്കിയ ബ്രിട്ടൺ പൂളിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു.
ഹന്നാ മാർട്ടിൻ ബ്രിട്ടണായി രണ്ട് ഗോളുകൾ നേടി. ലില്ലി ഒവ്‌സ്‌ലി,ഗ്രേസ് ബാൽസ്ഡൺ എന്നിവർ ഓരോ ഗോൾ വീതം നേടി. ഷർമ്മിളാ ദേവിയാണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. കളിച്ച മൂന്ന് മത്സരങ്ങളും തോറ്ര ഇന്ത്യ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.ഇന്നലത്തെ മത്സരത്തിൽ ഒരു പോയിന്റെങ്കിലും നേടിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കാമായിരുന്നു. ഇനിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചെങ്കിൽ മാത്രമേ ഇന്ത്യയ്ത്ത് നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾ നിലനിർത്താനാകൂ.നാളെ അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.