വാഷിംഗ്ടൺ: വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡിന്റെ അന്തരീക്ഷത്തിലാദ്യമായി നീരാവിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഉപഗ്രഹമാണ് ഗാനിമീഡ്.കണ്ടെത്തൽ നടത്തിയ ഗവേഷക സംഘത്തെ നയിച്ചത് സ്വീഡനിലെ സ്‌റ്റോക്ക്‌ഹോമിലുള്ള കെ.ടി.എച്ച് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ ജ്യോതിശാത്രജ്ഞൻ ലോറന്‍സ് റോത്താണ്.
കിലോമീറ്ററുകളോളം ഉയരത്തിൽ മഞ്ഞു പാളികൾ നിറഞ്ഞ ഉപരിതലമുള്ള ഗാനിമീഡിൽ 161 കിലോമീറ്റർ ആഴത്തിൽ സമുദ്രമുണ്ടെന്നാണ് നാസ പറയുന്നത്.
ഹബിൾ ദൂരദർശിനിയിൽ നിന്നുള്ള കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് നാസ വിവരം പുറത്തുവിട്ടത്. ഗാനിമീഡിന്റെ നേരിയ അന്തരീക്ഷത്തിൽ നീരാവിയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് നാസയുടെ കണ്ടെത്തൽ. അതേസമയം, ഈ സാന്നിദ്ധ്യം ഗാനിമീഡിൽ ഉണ്ടെന്ന് കരുതപ്പെടുന്ന സമുദ്രത്തിൽ നിന്നാവണമെന്നില്ല. ഉപരിതലത്തിലെ മഞ്ഞുരുകി ഉണ്ടായതാവാമെന്നാണ് ഗവേഷകർ പറയുന്നത്.
ഹബിൾ ടെലസ്‌കോപ് 1998 മുതൽ എടുത്ത ഗാനിമീഡിന്റെ ചിത്രങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. ഗാനിമീഡിന്റെ അൾട്രാവയലറ്റ് ചിത്രങ്ങളിൽ വന്ന മാറ്റത്തിന് പിന്നിൽ അന്തരീക്ഷത്തിലെ ഓക്‌സിജൻ കണികകളാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, വിശദമായ പരിശോധനയിൽ സൂര്യരശ്മികള്‍ പതിക്കുന്ന സമയത്ത് ഉപരിതലത്തിലെ ഊഷ്മാവിലുണ്ടായ വർദ്ധനവാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.ഭൂമിയിൽ ഉള്ളതിനേക്കാൾ കൂടുതൽ ജലം ഗാനിമേഡിൽ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. 1972ൽ ഇന്ത്യന്‍ ശാസ്ത്രജ്ഞരാണ് ഗാനിമേഡിന്റെ അന്തരീക്ഷം സ്ഥിരീകരിച്ചത്.
@ ഗാനിമീഡ്
@ അനവധി പ്രത്യേകതകളുള്ള ഗാനിമീഡിനെ 1610 ജനുവരി ഏഴിന് ജ്യോതിശാസ്ത്രജ്ഞൻ ഗലിലിലോ ഗലീലിയാണ് കണ്ടെത്തുന്നത്.
@ വ്യാഴത്തിന്റെ ഏഴാം ഉപഗ്രഹം
@ 5268 കിലോമീറ്റർ വ്യാസം.
@ സ്വന്തമായി കാന്തിക മണ്ഡലമുള്ള സൗരയൂഥത്തിലെ ഏക ഉപഗ്രഹം.
ഗാനിമീഡിന്റെ അന്തരീക്ഷത്തില്‍ നിന്നും നീരാവി കണ്ടെത്തിയെന്നത് വലിയ നേട്ടമാണ്. മഞ്ഞു നിറഞ്ഞ ഉപരിതലത്തിൽ നിന്നും ചാർജ്ജുള്ള കണങ്ങൾ പുറത്തേക്ക് വന്നാല്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ -
ലോറന്‍സ് റോത്ത്