jk

ശ്രീനഗർ: ജമ്മുകാശ്മീരിലെ കിഷ്‌ത്വാർ ജില്ലയിലെ ഹൊൻസാർ ഗ്രാമത്തിൽ ഇന്നലെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഏഴുപേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. 36 ഒാളം പേരെ കാണാതായി. വെള്ളപ്പാച്ചിലിൽപ്പെട്ട് ഒമ്പതു വീടുകളും ഒരു റേഷൻകടയും തകർന്നു. കാണാതായവർക്കായി തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റവരെ ആകാശമാർഗം ആശുപത്രിയിലെത്തിക്കാൻ ഇന്ത്യൻ വ്യോമസേനയെത്തി. ഗ്രാമത്തിലേക്ക് എത്തിച്ചേരാൻ റോഡ് ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. രക്ഷാപ്രവർത്തനത്തിനായി കരസേനയുടെയും പൊലീസിന്റെയും സംഘം രംഗത്തുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്രമന്ത്രി അമിത് ഷാ, ജമ്മുകാശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹയുമായി ചർച്ച നടത്തി.

അമർനാഥ് ക്ഷേത്രത്തിന് സമീപവും മേഘവിസ്ഫോടനവും പ്രളയവുമുണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.