up-accident

ലക്‌നൗ: ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക്‌‌നൗവിന് സമീപം ബാരാബങ്കി

ജില്ലയിൽ അമിത വേഗതയിലെത്തിയ ട്രക്ക് നിറുത്തിയിട്ട ബസിന് പിന്നിലിടിച്ച് റോഡരികിൽ കിടന്നുറങ്ങിയ 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബീഹാർ സ്വദേശികളാണ് കൊല്ലപ്പെട്ടത്. 19 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹരിയാനയിലും പഞ്ചാബിലും ജോലി ചെയ്തിരുന്ന തൊഴിലാളികൾ ബസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

സംഭവദിവസം രാത്രി ബസ് ദേശീയപാതയിൽ വച്ച് ബ്രേക്ക് ഡൗണായി. യാത്ര മുടങ്ങിയതിനെതുടർന്ന് തൊഴിലാളികൾ ബസിൽ നിന്നിറങ്ങി റോഡരികിൽ കിടന്നുറങ്ങുകയായിരുന്നു.

ഇതുവഴി അമിതവേഗതയിലെത്തിയ ട്രക്ക് നിറുത്തിയിട്ടിരുന്ന ബസിന് പിന്നിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ടു നീങ്ങിയ ബസ് തൊഴിലാളികൾക്ക് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.
പരിക്കേറ്റ തൊഴിലാളികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സത്യ നാരായൺ സാബത്ത് അറിയിച്ചു. ബസിനടിയിൽ കുടുങ്ങിയ മൃതദേഹങ്ങൾ പുറത്തെടുക്കാനുളള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.