bank

തൃശൂർ: കോടികളുടെ തിരിമറി നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് രേഖകൾ കടത്താൻ സി പി എമ്മിന്റെ ശ്രമമെന്ന ആരോപണവുമായി ബി ജെ പി രംഗത്ത്. ഇന്ന് പ്രവൃത്തിസമയം കഴിഞ്ഞ് സി പി എമ്മിന്റെ ചില പ്രാദേശിക നേതാക്കൾ ബാങ്കിലെത്തിയെന്നാണ് ബി ജെ പി ആരോപിക്കുന്നത്. ഇവർ ആധാരങ്ങൾ പരിശോധിച്ചുവെന്നും ആരോപിക്കുന്നുണ്ട്. ബാങ്കിനുമുന്നിൽ ബി ജെ പിയുടെ പ്രതിഷേധവും നടത്തി. സ്ഥലത്ത് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്. എന്നാൽ ആരോപണത്തെക്കുറിച്ച് സി പി എം പ്രതികരിച്ചിട്ടില്ല.

തിരിമറികൾ കണ്ടെത്തിയതിനെ തുടർന്ന് ഭരണസമിതി പിരിച്ചുവിട്ടതിനാൽ ബാങ്ക് ഇപ്പോൾ അഡ്മിനിസ്ട്രേഷൻ ഭരണത്തിലാണ്. കഴിഞ്ഞദിവസം ബാങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണസംഘം നടത്തിയ റെയ്ഡിൽ 29 അനധികൃത ഇടപാടുകളുടെ വിവരം ലഭിച്ചു. ഇവ സൂക്ഷിച്ചിരുന്ന പ്രത്യേക ലോക്കറിൽ സ്വർണ നാണയങ്ങളും കണ്ടെത്തി. പിടിച്ചെടുത്ത രേഖകളിൽ പലതും വായ്പാത്തട്ടിപ്പ്, ബിനാമി ഇടപാട് എന്നിവയുമായി ബന്ധപ്പെട്ടുള്ളവയാണെന്നാണ് വിവരം. ഇക്കാര്യം അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

379 വായ്പകൾ കൃത്യമായ പേരോ വിലാസമോ ഇല്ലാതെ പാസാക്കി നൽകിയിട്ടുണ്ട്. ഇതിൽ കൂടുതലും 50 ലക്ഷം വീതവുമാണ്. ആധാരം പണയപ്പെടുത്തി ചെറിയ തുകയ്ക്ക് വായ്പ എടുത്തവരുടെ പണയ വസ്തുകളിൻമേൽ അവർ അറിയാതെ വൻ തുകയ്ക്ക് വീണ്ടും വായ്പ പാസാക്കുന്നതായിരുന്നു തട്ടിപ്പ് രീതി. ഇങ്ങനെയുള്ള 29 ആധാരങ്ങളും പ്രത്യേകം ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്.

പ്രതികൾക്ക് വിവിധ ബാങ്കുകളിലായി ഏഴ് അക്കൗണ്ടുകൾ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഒട്ടേറെ ഭൂമിയിടപാടുകളും ഇവർ നടത്തി. തട്ടിപ്പുകളിലൂടെ സ്വരുക്കൂട്ടിയ പണം ബിനാമി പേരുകളിലാണ് പലരും നിക്ഷേപിച്ചത്. ഈ അക്കൗണ്ടുകൾ കണ്ടെത്തി മരവിപ്പിക്കാൻ നടപടി തുടങ്ങി.

കഴിഞ്ഞ ദിവസം നാല് പ്രതികൾ കസ്റ്റഡിയിലായെങ്കിലും ഇക്കാര്യവും അന്വേഷണസംഘം പുറത്തുവിടുന്നില്ല. ബാങ്കിലെ രേഖകളിൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധന തുടരും. പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ തേക്കടിയിലെ റിസോർട്ടിനായി നടത്തിയ വൻകിട നിക്ഷേപത്തിന്റെ രേഖകൾ ഉൾപ്പെടെ കണ്ടെത്തിയതായും വിവരമുണ്ട്.

അതിനിടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി. പ്രതികളുടെ പണയപ്പെടുത്തിയതും അല്ലാത്തതുമായ സ്വത്തു സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കാൻ മൂന്ന് അസിസ്റ്റന്റ് രജിസ്ട്രാർമാരെ ചുമതലപ്പെടുത്തിയിരുന്നു. ഇവർ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. പ്രതികളിൽ ആരുടെയൊക്കെ, ഏതെല്ലാം സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന നിർദേശമാണ് റിപ്പോർട്ടിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.