kundara-case-

കൊല്ലം : കുണ്ടറ പീഡനശ്രമക്കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സി.ഐയെ സ്ഥലം മാറ്റി. കുണ്ടറ സി.ഐ എസ് ജയകൃഷ്ണനെയാണ് സ്ഥലം മാറ്റിയത്. കേസ് അന്വേഷണത്തില്‍ സിഐക്ക് വീഴ്ച പറ്റിയെന്ന ഡി.ഐ.ജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം.

യുവതി പരാതി നൽകി 24 ദിവസത്തിന് ശേഷം മൊഴി രേഖപ്പെടുത്തിയത് വിവാദമായിരുന്നു. നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സി.ഐയായ എസ്. മഞ്ചുലാലാണ് കുണ്ടറയിലെ പുതിയ സിഐ.

കേസിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാർ ഗുരുഡിൻ റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാരിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ മനസിലാക്കിയിരുന്നു. പക്ഷെ ഒരു സ്ത്രീയുടെ പരാതി എന്ന നിലയിൽ പ്രാഥമിക അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് നിയമപരമായി പരാതി തീ‍ർപ്പാക്കിയില്ലെന്നാണ് അന്വേഷണ റിപ്പോർട്ട്.