plus-two-result

തിരുവനന്തപുരം: പതിനൊന്ന് സർക്കാർ സ്‌കൂളുകളിൽ പ്ലസ് ടു പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചപ്പോൾ 36 എയ്‌ഡഡ് സ്‌കൂളുകളും 79 അൺ എയ്‌ഡഡ് സ്‌കൂളുകളും,പത്ത് സ്പെഷ്യൽ സ്കൂളുകളും നൂറ് മേനി കൊയ്തു. എറണാകുളം ജില്ലയിലാണ് എറ്റവും ഉയർന്ന വിജയശതമാനം ( 91.11%). പത്തനംതിട്ടയിലാണ് കുറവ് (82.53%). നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 136 ആണ്.

ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്‌ക്കിരുത്തിയ തിരുവനന്തപുരം പട്ടം സെന്റ്മേരീസിൽ 96.20 ആണ് വിജയശതമാനം. ഒമ്പത് സ്‌കൂളുകൾക്ക് മുപ്പതിൽ താഴെയാണ് വിജയശതമാനം. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ ആകെ പരീക്ഷയെഴുതിയ 47,721 വിദ്യാർത്ഥികളിൽ 25,292 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 53 ആണ് വിജയശതമാനം. പ്രൈവറ്റ് കമ്പാർട്ട്മെന്റൽ വിഭാഗത്തിൽ 43.54 ആണ് വിജയശതമാനം.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ് (6,707 പേർ). സർക്കാർ സ്‌കൂളുകളിൽ പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 85.02 ശതമാനം ‌പേർ വിജയിച്ചപ്പോൾ,എയ്ഡഡ് സ്‌കൂളുകളിൽ 90.37%, അൺ എയ്ഡഡ് സ്‌കൂളുകളിൽ 87.67 എന്നിങ്ങനെയാണ് വിജയം. സ്‌പെഷ്യൽ സ്‌കൂളുകളിൽ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു.

പുനർമൂല്യനിർണയം

പുനർമൂല്യനിർണയം, ഫോട്ടോകോപ്പി, സൂക്ഷ്‌മപരിശോധന, സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ എന്നിവയ്‌ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 31 ആണ്. ഓഗസ്റ്റ് 11 മുതൽ സേ പരീക്ഷ ആരംഭിക്കും. പ്രായോഗിക പരീക്ഷകൾ ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ നടക്കും.