kk

ഡോണ്‍ പാലത്തറയുടെ മൂന്ന് സിനിമകളുടെ പാക്കേജുമായി ഒ.ടി.ടി പ്ലാറ്റ്ഫോം ആയ മെയിന്‍സ്ട്രീം ടിവി. ഡോണിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന 'ശവം' (2015), വിത്ത് (2017), ഏറ്റവും പുതിയ ചിത്രമായ 'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' എന്നിവയാണ് മെയിന്‍സ്ട്രീം ടിവിയിലൂടെ കാണാനാവുക.

പേ പെര്‍ വ്യൂ രീതിയിലാണ് 'സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം' കാണാനാവുക. 99 രൂപയാണ് നല്‍കേണ്ടത്. മെയിന്‍സ്ട്രീം ടിവിയുടെ വാര്‍ഷിക സബ്‍സ്ക്രിപ്ഷന്‍ എടുത്തിട്ടുള്ളവര്‍ക്കാണ് ശവവും വിത്തും കാണാന്‍ കഴിയുക. ഇതിനും 99 രൂപയാണ് പ്ലാറ്റ്ഫോം ഈടാക്കുന്നത്.

ഡോണ്‍ പാലത്തറ. ഏറ്റവും പുതിയ ചിത്രമായ സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം ഐ.എഫ്.എഫ്.കെ പ്രീമിയര്‍ ആയിരുന്നു. എഡിറ്റിംഗ് ഇല്ലാതെ 85 മിനിറ്റ് ദൈര്‍ഘ്യമുള്ള സിംഗിള്‍ ഷോട്ടിലാണ് ഈ സിനിമ. റിമ കല്ലിങ്കലും ജിതിന്‍ പുത്തഞ്ചേരിയുമാണ് ചിത്രത്തിലെ മരിയ, ജിതിന്‍ എന്നീ രണ്ട് കഥാപാത്രങ്ങളായി എത്തുന്നത്. നീരജ രാജേന്ദ്രനും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകന്‍റേതു തന്നെയാണ് രചന. നിര്‍മ്മാണം ഷിജൊ കെ ജോര്‍ജ്. ഛായാഗ്രഹണം സജി ബാബു. സംഗീതം ബേസില്‍ ജോസഫ്. ഈ വര്‍ഷത്തെ മോസ്കോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മെയിന്‍സ്ട്രീം ടിവി കൂടാതെ നീസ്ട്രീം, കേവ്, റൂട്ട്സ്, സൈന പ്ലേ, കൂടെ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയും ഈ മാസം 21ന് ഈ ചിത്രം എത്തിയിരുന്നു.