കറാച്ചി: പാകിസ്ഥാൻ പോറ്റിവളർത്തിയ പല ഭീകര സംഘങ്ങളിലൊന്നാണ് താലിബാൻ എന്നത് പകൽപോലെ സത്യമാണ്. താലിബാനെ വളർത്തി വലുതാക്കുന്നതും സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ സഹായിക്കുന്നതും പാകിസ്ഥാനാണെന്ന് അഫ്‌ഗാൻ ഭരണാധികാരികൾ തന്നെ പലതവണ പറഞ്ഞിട്ടുള്ളതാണ്. അക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് ഒടുവിൽ സമ്മതിക്കേണ്ടിവന്നു. കഴിഞ്ഞദിവസം സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യം പറയാതെ പറഞ്ഞത്.'താലിബാൻ സൈനിക സംഘടനയല്ല. അവർ വെറും സാധാരണക്കാരാണ്. അതിർത്തിയിൽ മൂന്നുലക്ഷം അഫ്‌ഗാൻ അഭയാർത്ഥികൾ ഉള്ളപ്പോൾ താലിബാനെ പാകിസ്ഥാൻ എങ്ങനെ വേട്ടയാടും എന്നായിരുന്നു ഇമ്രാന്റെ ചോദ്യം.
പറഞ്ഞതിന് വീണ്ടും വിശദീകരണം നൽകാനും അദ്ദേഹം ശ്രമിച്ചു. 'അഫ്‌ഗാൻ അഭയാർത്ഥികളിൽ ഭൂരിപക്ഷവും താലിബാൻ പോരാളികളുടെ അതേ വംശീയ വിഭാഗമായ പഷ്തൂണുകളാണ്. അയഭാർത്ഥി ക്യാമ്പിൽ കഴിയുന്ന ഇവരെ താലിബാൻ പോരാളികൾ എന്നുകരുതി വേട്ടയാടാനാവുമോ.. ഇമ്രാന്റെ ന്യായീകരണങ്ങൾ ഇങ്ങനെ പോകുന്നു.
പാകിസ്ഥാനിലെ താലിബാൻ സുരക്ഷിത താവളങ്ങളെക്കുറിച്ചുള്ള ചോദ്യത്തെയും അഭായാർത്ഥികളുടെ എണ്ണം നിരത്തി ഖണ്ഡിക്കാനായിരുന്നു ഇമ്രാന്റെ ശ്രമം. അഫ്‌ഗാൻ സർക്കാരിനെതിരായ പോരാട്ടത്തിൽ താലിബാനെ സാമ്പത്തികമായും സൈനികമായും സഹായിക്കുന്നു എന്ന ആരോപണത്തെയും പാക് പ്രധാനമന്ത്രി നിഷേധിച്ചു. അഫ്‌ഗാനിസ്ഥാനിൽ അമേരിക്ക യുദ്ധം ആരംഭിച്ചശേഷം ആയിരക്കണക്കിന് പാകിസ്ഥാനികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇമ്രാൻ പറഞ്ഞു. എന്നാൽ ഇത് എങ്ങനെയെന്ന് വ്യക്തമാക്കാൻ തയ്യാറായില്ല.
താലിബാനെ സഹായിക്കാൻ ആയിരക്കണക്കിന് പാകിസ്ഥാനികളാണ് ഇപ്പോൾ അഫ്‌ഗാനിസ്ഥാനിലുള്ളത്. തെഹ്‌രിക്-ഇ-താലിബാനിലെ 6,000 തീവ്രവാദികൾ അഫ്‌ഗാൻ അതിർത്തിയിൽ പ്രവർത്തിക്കുന്നതായി യു എൻ രക്ഷാസമിതിക്കുവേണ്ടി തയ്യാറാക്കിയ ഒരു റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ നിർമ്മിതികൾ തകർക്കാനാണ് താലിബാനുവേണ്ടി പോരാടുന്ന തങ്ങളുടെപൗരന്മാർക്ക് പാക് രഹസ്യാന്വേഷണ വിഭാഗം നൽകിയിരിക്കുന്ന കർശന നിർദ്ദേശം. തകർക്കേണ്ട ലക്ഷ്യങ്ങൾ ഏതൊക്കെയാണ്, അവ എവിടെയെല്ലാമാണ്, ആദ്യം ഏതെല്ലാമാണ് തകർക്കേണ്ടത് തുടങ്ങിയ വ്യക്തമായ മാർഗരേഖയും അവർക്ക് നൽകിയിട്ടുണ്ട്.