covid-19

ന്യൂഡൽഹി: കേരളത്തിൽ കൊവിഡ് രണ്ടാം തരംഗം അവസാനിക്കാൻ സമയമെടുക്കുമെന്ന് ഐസിഎംആർ (ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ച്). മൂന്നാം തരംഗം കേരളത്തിലും മഹാരാഷ്ട്രയിലും രൂക്ഷമായേക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

രോഗവ്യാപന സാഹചര്യം പരിശോധിക്കാൻ ആറംഗ കേന്ദ്രസംഘം എത്തും. കേന്ദ്ര ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ പകുതിയും കേരളത്തിൽ നിന്നുള്ളതാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 43,509 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 50.69 ശതമാനം കേസുകളും കേരളത്തിൽ നിന്നാണ്. രാജ്യത്തെ നാല് ലക്ഷം സജീവ കേസുകളിൽ ഒന്നര ലക്ഷവും കേരളത്തിലാണ്.

അതേസമയം വാക്‌സിന്‍ വഴിയോ രോഗം വന്നതുമൂലമോ കൊവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവ് കേരളത്തിലാണെന്നാണ് നാലാമത് ദേശീയ സിറോ സര്‍വേ കണ്ടെത്തൽ. സംസ്ഥാനത്ത് 44.4 ശതമാനം പേര്‍ക്കു മാത്രമാണ് ഇത്തരത്തില്‍ പ്രതിരോധശേഷി ലഭിച്ചിട്ടുള്ളത്. ജൂണ്‍ 14-നും ജൂലായ് ആറിനും ഇടയിലാണ് ഐസിഎംആര്‍ നാലാമത് ദേശീയ സിറോ സര്‍വേ നടത്തിയത്.