കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണു വിചാരണയ്ക്ക് ഹാജരാകുന്നില്ല.സമൻസ് അയച്ചിട്ടും വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്ന് അന്വേഷണ സംഘം ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഇയാൾ കേസിലെ പത്താം പ്രതിയായിരുന്നു.
മുഖ്യപ്രതിയായ സുനിൽ കുമാർ ജയിലിൽവച്ച് ദിലീപിന് കത്തെഴുതിയത് വിഷ്ണുവിന്റെ മുന്നിൽവച്ചാണ്.ഈ കത്ത് ജയിലിൽ നിന്നിറങ്ങിയ ശേഷം വിഷ്ണു ദിലീപിന്റെ മാനേജർ അപ്പുണ്ണിക്ക് വാട്‌സ് അപ്പ് വഴി അയച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം വിഷ്ണു അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
വിചാരണ നടപടികൾക്കായി കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയെങ്കിലും വിഷ്ണു ഹാജരായില്ല. തുടർന്ന് അന്വേഷണ സംഘം ഇയാളെ അന്വേഷിച്ച് വീട്ടിൽപോയെങ്കിലും കണ്ടെത്താനായില്ല. ഇയാൾ വിചാരണയ്ക്ക് എത്താതിരിക്കുന്നത് കേസിനെ ദുർബലപ്പെടുത്തും. അതിനാൽത്തന്നെ വിഷ്ണുവിനെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.