തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കണ്ടെത്തുകയോ പേരെടുത്തു പറയുകയോ ചെയ്തിട്ടില്ല. അതിനാൽ തന്നെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവയ്ക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തു നിന്ന് പി ടി തോമസ് നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും നിയമസഭയുടെ പ്രിവിലേജ് നിലനിർത്തുന്നതിനാണ് സർക്കാർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി അറിയിച്ചു. കോടതിയെ സമീപിച്ച സർക്കാർ നടപടി നിയമവിരുദ്ധമോ അസാധാരണമോ അല്ലെന്നും സർക്കാരിന്റെ ഭാഗത്തു വീഴ്ചയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
"കേസ് പിന്‍വലിക്കാനുള്ള അവകാശമുണ്ടോ ഇല്ലയോ എന്നതാണു വിഷയം. കേസ് പിന്‍വലിക്കണമെന്ന ഹര്‍ജിയിലെ അപ്പീലാണു സുപ്രീംകോടതി തള്ളിയത്. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല," മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കയ്യാങ്കളി കേസിൽ വിദ്യാഭ്യാസമന്ത്രി അടക്കമുള്ളവർ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി ഗുരുതരമാണെന്ന് അടിയന്തിര പ്രമേയം അവതരിപ്പിച്ച പി ടി തോമസ് ചൂണ്ടിക്കാട്ടി.
രാജി ആവശ്യം നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇന്ന് സഭയിൽ ഹാജരായില്ല. അനാരോഗ്യം ചൂണ്ടികാണിച്ചാണ് അദ്ദേഹം ഇന്ന് സഭയിൽ നിന്ന് വിട്ടുനിന്നത്.