ന്യൂഡൽഹി: കൊവിഡ് കാരണം നിർജീവമായ ഇന്ത്യയിലെ തൊഴിലിടങ്ങൾ വരുന്ന മൂന്ന് മാസത്തിനുള്ളിൽ സജീവമാകുമെന്ന് രാജ്യത്തെ കോർപ്പറേറ്റ് മേഖലയിൽ നടത്തിയ സർവേ സൂചിപ്പിക്കുന്നു. കൊവിഡ് കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം നിരവധിപേർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമായിരുന്നു. എന്നാൽ കമ്പനികൾ ആ ഒഴിവുകൾ നികത്താൻ തയ്യാറെടുക്കുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 21 വിഭാഗങ്ങളിലായി 700ലേറെ ചെറുതും വലുതുമായ കമ്പനികളിൽ ടീംലീസ് എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.
ഏപ്രിൽ - ജൂൺ കാലയളവിൽ 34 ശതമാനത്തോളം നിയമനങ്ങൾ രാജ്യത്തെ വിവിധ കമ്പനികൾ നികത്തിയെങ്കിൽ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇത് 38 ശതമാനമാക്കി ഉയർത്താനാണ് കമ്പനികൾ ലക്ഷ്യമിടുന്നത്.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ സാദ്ധ്യതകൾ നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ നിയമനങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോർപ്പറേറ്റുകളുടേയും ചെറുകിട കമ്പനികളുടേയും തീരുമാനമെന്ന് ടീംലീസ് എംപ്ലോയ്മെന്റ് ഔട്ട്ലുക്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് റിതുപർണ ചക്രബർത്തി മാദ്ധ്യമങ്ങളോട് പറഞ്ഞു. ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വരുത്താൻ സർക്കാർ തയ്യാറായാൽ കൂടുതൽ പേരെ ജോലിയിൽ തിരിച്ചെടുക്കാൻ കമ്പനികൾ തയ്യാറായേക്കുമെന്ന് റിതുപർണ കൂട്ടിച്ചേർത്തു.