olympics

ഒളിമ്പിക്സിലെ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു

ടോക്യോ: ട്രാക്കും ഫീൽഡും കൂടി ആവേശത്തിരയിലേക്കുയരുന്നതോടെ ടോക്യോ ഒളിമ്പിക്സ് അതിന്റെ യഥാർത്ഥ നിറിലേക്ക്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.30-ന് വനിതകളുടെ 100 മീറ്റർ പ്രാഥമിക റൗണ്ടോടെയാണ് അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. നാളെ വൈകിട്ട് 6.20-നാണ് വനിതകളുടെ 100 മീറ്റർ ഫൈനൽ. ഞായറാഴ്ച അതേസമയത്ത് പുരുഷന്മാരുടെ 100 മീറ്റർ ഫൈനൽ. ഇന്ന് വൈകിട്ട് ആറുമണിക്ക് പുരുഷന്മാരുടെ 10000 മീറ്റർ ഫൈനലുണ്ട്.

ബോൾട്ടില്ലാത്ത ഒളിമ്പിക്സ്

കഴിഞ്ഞ മൂന്ന് ഒളിമ്പിക്‌സുകളിലും 100, 200 മീറ്ററുകളിലും റിലേയിലും വെന്നിക്കൊടി പാറിച്ച ജമൈക്കയുടെ ഇതിഹാസതാരം ഉസൈൻ ബോൾട്ട് ട്രാക്കിലില്ലാത്തതാണ് ടോക്യോയുടെ നഷ്ടം. അമേരിക്കയുടെ വെറ്ററൻ താരം ജസ്റ്റിൻ ഗാറ്റ്ലിനും ഇല്ലാത്തതിനാൽ ലോകം പുതിയൊരു അതിവേഗ പുരുഷനെ കാത്തിരിക്കുകയാണ്.

നൂറിലാര് ?

അമേരിക്കയുടെ 25-കാരനായ ട്രൈവോൺ ബ്രോമലിന്റേതാണ് 100 മീറ്ററിലെ സമീപകാലത്തെ ഏറ്റവും മികച്ച സമയം. ജൂൺ അഞ്ചിന് ട്രൈവോൺ 9.77 സെക്കൻഡിൽ ഫിനിഷ് ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയുടെ അക്കാനി സിംബിൻ 9.84 സെക്കൻഡുമായി രണ്ടാംസ്ഥാനത്തുണ്ട്.

9.85 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഈ വർഷത്തെ മികച്ച മൂന്നാമത്തെ സമയംകുറിച്ച അമേരിക്കയുടെ മാർവിന്‍ ബ്രേസി ടോക്യോയിൽ മത്സരിക്കുന്നില്ല.

അമേരിക്ക, താരങ്ങളായ റോണി ബേക്കർ (9.85 സെക്കൻഡ്), ഫ്രെഡ് കെർലി (9.86 സെക്കൻഡ്) തുടങ്ങിയവരും ടോക്യോയിൽ കനത്ത വെല്ലുവിളിയുയർത്തും. ഈവർഷത്തെ മികച്ച സമയം 9.99 സെക്കൻഡ് ആണെങ്കിലും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെയ്ക്കും സാധ്യതയിലുണ്ട്.

ചരിത്രം കുറിക്കാൻ ഷെല്ലി

വനിതകളിൽ ജമൈക്കയുടെ വെറ്ററൻ താരം ഷെല്ലി ആൻ ഫ്രേസർ തന്നെയാണ് ഈ വർഷത്തെ പ്രകടനങ്ങളിൽ മുന്നിൽ. 35-കാരിയായ ഷെല്ലി ജൂൺ അഞ്ചിന് കിംഗ്സ്റ്റണിൽ കുറിച്ച 10.63 സെക്കൻഡാണ് വനിതകളുടെ 100 മീറ്ററിൽ ഈ വർഷത്തെ മികച്ച സമയം. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സിൽ 100 മീറ്റർ സ്വർണം നേടിയ ഷെല്ലി ലണ്ടനിൽ 200 മീറ്ററിലും റിയോയിൽ 100 മീറ്ററിലും വെള്ളി നേടി. ഇക്കുറി മെഡൽ നേടിയാൽ സ്പ്രിന്റ് ഇനത്തിൽ നാല് ഒളിമ്പിക്‌സുകളിൽ മെഡൽ എന്ന അപൂർവനേട്ടത്തിനുടമയാകും.

ഷെല്ലിയുടെ വെല്ലുവിളികൾ

നിലവിലെ ഒളിമ്പിക് ജേതാവായ ജമൈക്കയുടെ തന്നെ എലൈൻ തോംസൺ ജൂലായ് ആറിന് 10.71 സെക്കൻഡില്‍ ഫിനിഷ് ചെയ്ത് ഷെല്ലിക്ക് കനത്ത വെല്ലുവിളിയുമായി കൂടെയുണ്ട്. ഈ ഒളിമ്പിക്‌സിന്റെ താരമാകുമെന്ന് കരുതപ്പെട്ടിരുന്ന അമേരിക്കയുടെ യുവതാരം ഷകാരി റിച്ചാർഡ്സണും 10.71 സെക്കൻഡിൽ ഫിനിഷ് ചെയ്തിരുന്നെങ്കിലും ഉത്തേജകക്കേസിൽ കുടുങ്ങി അവസാനനിമിഷം ഒളിമ്പിക്‌സിൽ നിന്ന് പിന്മാറേണ്ടിവന്നു. ജമൈക്കയുടെ ഷെറീക്കാ ജാക്സൺ ആണ് ഈവർഷത്തെ പ്രകടനങ്ങളിൽ (10.77 സെക്കൻഡ്) നാലാംസ്ഥാനത്തുള്ളത്.