ചെെെന്നയിലെ വീട്ടിൽ ബാബുരാജും വാണിവിശ്വനാഥും താരങ്ങളേയല്ല. ആർച്ചയുടെയും അദ്രിയുടെയും അച്ഛനും അമ്മയും മാത്രം. ആർച്ച മെഡിസിന് ചേരാനുള്ള ഒരുക്കത്തിലാണ്. അദ്രി എട്ടാം ക്ളാസിൽ. മക്കൾക്ക് സ്നേഹവും ആവശ്യത്തിന് സ്വാത ന്ത്ര്യ വും നൽകുന്ന ന്യൂജൻ പാരന്റ്സാണ് തങ്ങളെന്ന് ബാ ബുവും വാണിയും പറയും. പത്തു വർഷത്തോളം ഊമയായി സിനിമയിൽ നിലകൊണ്ടു. അടികൊള്ളാൻ വേണ്ടി അഭിനയിക്കാൻ പോകുക. ജൂനിയർ ആർട്ടിസ്റ്റുകളേക്കാൾ താഴെയാണ് സ്ഥാനം. ലൊക്കേഷനിൽ ഭക്ഷണം പോലുമില്ല. അന്ന് കാർ ഉണ്ടായിരുന്നെങ്കിലും വണ്ടി ദൂരെ സ്ഥലത്ത് നിർത്തിയിട്ട് ലൊക്കേഷനിലേക്ക് നടക്കും. കാർ ഉണ്ടെന്നറിഞ്ഞാൽ ഉള്ള റോൾ പോവും. അന്ന് എറണാംകുളത്തെ ലീഡിങ് ക്രിമിനൽ വക്കീൽ ടി.വി. പ്രഭാകരന്റെ അരുമ ശിഷ്യനായിട്ടും സിനിമയോടായിരുന്നു കമ്പം. സംഭവബഹുലമാണ് ബാബുരാജിന്റെ കഥ. വക്കീൽ കോട്ടും വലിച്ചെറിഞ്ഞ് ബാബുരാജ് സിനിമയിൽ എത്തിയിട്ട് രണ്ടര പതിറ്റാണ്ടാവുന്നു. ഗുണ്ടാ റോളിൽ എത്തിയ ബാബുരാജ് പിന്നീട് വില്ലനായി, ഹ്യൂമർ താരമായി സഹനടനായി. നടന്നെന്നതിലുപരി നിർമാതാവ് ,സംവിധായകൻ , തിരക്കഥാകൃത്ത്. '' ഗ്യാംഗ് എന്ന സിനിമ വാണിയെ വച്ച് ഞാൻ ചെയ്യുമ്പോൾ മോഹൻലാൽ , മമ്മൂട്ടി ,സുരേഷ് ഗോപി തുടങ്ങിയ നടന്മാർക്കൊപ്പം ഡിസ്ട്രിബ്യുഷൻ വാല്യു ഉണ്ടായിരുന്ന നടിയായിരുന്നു വാണി. അന്ന് 35 ലക്ഷം രൂപയാണ് മലയാളത്തിൽ വാണിയുടെ ഡിസ്ട്രിബ്യുഷൻ റേറ്റ്. അത് കൂടാതെ തമിഴ് ,തെലുങ്ക് ,കന്നട ഭാഷകൾ വേറേയും.ഇന്നും ഫിറ്റ്നസിന്റെ കാര്യത്തിൽ ശ്രദ്ധ കൊടുക്കുന്ന ഒരാളാണ് വാണി. എന്നും വാണിയാണ് എന്റെ സൂപ്പർസ്റ്റാർ."" ബാബുരാജ് പറഞ്ഞു തുടങ്ങി.
വാണിവിശ്വനാഥിന്റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് പ്രേക്ഷകർ?
ഞാൻ ഇടയ്ക്ക് ചോദിക്കാറുണ്ട് വാണി നമുക്ക് ഒരു സിനിമ ചെയ്യണ്ടേയെന്ന്. സമയമാവട്ടെ എന്നാണ് അതിന് വാണി മറുപടി നൽകാറ്. വാണിക്ക് സമയമായി എന്ന് തോന്നുമ്പോൾ വരട്ടേ. ഞാനും അതിന് കാത്തിരിപ്പാണ് .ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ പോലും വാണിയ്ക്ക് മടിയാണ്. കഴിഞ്ഞ മാസം ഫേസ്ബുക്കിൽ വാണിയ്ക്കൊപ്പം ഞാനൊരു ചിത്രം പങ്കുവച്ചിരുന്നു. നിറഞ്ഞ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. അന്ന് മക്കളും ഞാനും നിർബന്ധിച്ചപ്പോൾ പോസ് ചെയ്ത ഫോട്ടോയാണ് അത്. എന്നിട്ടത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കരുതെന്ന് പറഞ്ഞിരുന്നു. ബാബുരാജ് ഇപ്പോൾ സിനിമാ തിരക്കിലാണോ ? തമിഴ് -തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിലാണ് . ഹൈദരാബാദാണ് ലൊക്കേഷൻ. വിശാലാണ് നായകൻ. തുപ്പാ ശരവണനാണ് സംവിധാനം. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ്. റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ ? മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹംമാണ് റിലീസിനൊരുങ്ങുന്ന ചിത്രം. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം തന്നെയാണ്. അതപോലെ കന്നടയിൽ ദിയ എന്നൊരു ചിത്രം റീലിസിനൊരുങ്ങുന്നുണ്ട്. അതുപോലെ മനോജ് ബാജ്പേയ്- കങ്കണ റണൗട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ശ്രീലങ്കൻ തമിഴ് കഥാപാത്രമാണ് .കുക്കാണ് .
തിയേറ്ററുകൾ പ്രതിസന്ധിയിലാണ് . ഒ ടി ടി യെ എങ്ങനെ കാണുന്നു ?
സിനിമയുടെ പൂർണ ആസ്വാദനം തിയേറ്ററുകളിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂവെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. സിനിമകൾ തിയേറ്ററുകൾക്ക് വേണ്ടിയിട്ടുള്ളതാണ്. സിനിമ കാഴ്ചമാത്രമല്ല അതിന്റെ ശബ്ദവും ടെക്നിക്കലി എടുത്ത എഫോർട്ടുമെല്ലാം തിയേറ്ററുകളിലെ നമുക്ക് കാണാൻ സാധിക്കുകയുള്ളു.പക്ഷേ തിയേറ്ററുകൾ അടച്ചിട്ട ഈ സാഹചര്യത്തിൽ ഒ ടി ടി ഇല്ലായിരുന്നെങ്കിൽ സിനിമ മറന്നേനെ .ഈ രണ്ടു വർഷം കൊണ്ട് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എല്ലാവരും ശീലമാക്കി. പലരും വീട്ടിൽ ഹോം തിയേറ്ററെല്ലാം സജ്ജമാക്കി. കേരളത്തിൽ മാത്രമാണ് ഇങ്ങനയൊരു അവസ്ഥ നിലനിൽക്കുന്നത്. ഹൈദരാബാദിൽ ഷൂട്ടിന് ചെന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവിടെ പലരും മാസ്ക് പോലും വയ്ക്കുന്നില്ല. അവിടെയെല്ലാം സിനിമ വ്യവസായം പഴയപടിയായി.
കേരളത്തിലെ സിനിമാ വ്യവസായത്തെ ഇത് സാരമായി ബാധിച്ചു ?
മലയാള സിനിമ വ്യവസായം പ്രതിസന്ധിയിലാണ്. പുറം സംസ്ഥാനങ്ങളിൽ പോയി ഷൂട്ട് ചെയ്യാനുള്ള പ്ലാനുകൾ നോക്കുകയാണ് പലരും. നൂറ്റി അറുപതോളം സിനിമകളാണ് പെട്ടിയിൽ. അതിൽ എത്ര കോടിയുടെ മുതൽ മുടക്കുണ്ട്. നൂറു കോടിയാണ് മരക്കാറിന്റെ ചിലവ്. ആ നിർമ്മാതാവിന്റെ അവസ്ഥയൊന്ന് നോക്ക്. അതിന്റെ പലിശയൊന്നും കൂട്ടിനോക്കിക്കേ . ഇതിനെല്ലാം പെട്ടെന്നൊരു പരിഹാരം സർക്കാർ കണ്ടെത്തണം. ഇനിയിപ്പോൾ തിയേറ്ററുകൾ തുറന്നാൽ സീറ്റുകൾ അമ്പത് ശതമാനമേ നമുക്ക് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. തിയേറ്റർ പകുതി നിറഞ്ഞാൽ ഹൗസ് ഫുൾ എന്ന ബോർഡ് വരും. അഞ്ച് ഷോ ആകുമ്പോഴേക്കും അനധികൃത സൈറ്റുകളിൽ സിനിമയെത്തും. ഒ ടി ടിയിൽ ഒരു വർഷത്തിന് ആയിരം രൂപ പോലും വേണ്ട. എന്നാലും അവിടെ റിലീസിനെത്തുന്ന ചിത്രങ്ങൾ ഫ്രീയായി ലഭിക്കുകയാണെങ്കിൽ പകുതിയിലധികപേർ അതാണ് കാണുക. ഇവിടെ ആരെയും നമ്മൾ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
രണ്ടര പതിറ്റാണ്ടായി മലയാള സിനിമയിലുണ്ട്. ബാബുരാജിന്റെ സ്ഥാനം എവിടേയാണ് ?
എനിക്ക് പ്രത്യേകം സ്ഥാനം ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ സീസൺ കഴിയുമ്പോൾ കഴിഞ്ഞു എന്ന് പറയുന്നിടത്തുനിന്ന് ഉയർത്തേഴുന്നേൽക്കുന്ന ആളാണ് . രണ്ടുസ്റ്റെപ്പ് മുന്നിലേക്ക് കയറുമ്പോൾ അഞ്ചു സ്റ്റെപ്പ് താഴേക്ക് ചവിട്ടി താഴ്ത്തും. എനിക്ക് അതിനോട് ആരോടും പരിഭവമോ പരാതിയോയില്ല. ഒരുപാട് വർഷം ഗുണ്ടാ വേഷം ചെയ്തു പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു. ഞാൻ പോലും പ്രതീക്ഷിക്കാതെ കോമഡി വേഷങ്ങൾ ചെയ്തു. സ്വഭാവ നടനായി അഭിനയിച്ചു.ആരോഗ്യമുള്ള വരെ സിനിമയിലുണ്ടാവും.
വില്ലനായി , ഹ്യൂമർ വേഷം , സ്വഭാവ നടൻ.. ബാബുരാജിന് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത്?
എന്ത് ചെയ്താലും നന്നായി ചെയ്താൽ മാത്രമേ മലയാളി പ്രേക്ഷകർ അംഗീകരിക്കുകയൊള്ളു. എന്റെ ഏറ്റവും വലിയ ആഗ്രഹം ഒരു സിനിമയിൽ രണ്ടു കഥാപാത്രമായി ചെയ്യുക എന്നാണ്. ഒന്ന് കോമഡിയും ഒന്ന് വില്ലനായും . ഇതാണ് എന്റെ സ്വപ്നം. ഹ്യൂമർ ടച്ചുള്ള വേഷങ്ങളാണ് കൂടുതലും വരുന്നത്.
സോൾട്ട് ആൻഡ് പെപ്പർ റിലീസായി പത്തു വർഷത്തിന് ശേഷം ബ്ലാക്ക് കോഫി. സംവിധായക കുപ്പായവും ?
ഹ്യൂമർ ടച്ചുള്ള കഥാപാത്രങ്ങൾ ഇനി ചെയ്യണ്ട എന്ന് വിചാരിച്ചു നിൽക്കുമ്പോഴായിരുന്നു ബ്ലാക്ക് കോഫി പോലെ ഒരു സിനിമ ചെയ്യണമെന്ന് പറഞ്ഞ് നിർമാതാക്കൾ ബന്ധപ്പെടുന്നത്. സിനിമയിൽ നിൽക്കുക എന്നത് തന്നെയാണ് എന്റെ ലക്ഷ്യം. അതിന് വേണ്ടിയെടുത്ത പ്രയത്നങ്ങളിൽ ഒന്നാണ് സംവിധാനം. എന്റെ സിനിമ ജീവിതത്തിൽ ബ്രേക്ക് തന്ന കഥാപാത്രമാണ് സോൾട്ട് ആൻഡ് പെപ്പറിലെ കുക്ക് ബാബു. ആ കഥാപത്രം എനിക്ക് തന്നതിന് ആഷിക് അബു ടീമിനോട് ഇപ്പോഴും നന്ദിയുണ്ട് . സംവിധാനത്തിൽ തന്നെ രണ്ടു ടൈപ്പ് ആൾക്കാരുണ്ട്. ഒരുകൂട്ടർ പുതിയ ആളുകളെ കൊണ്ട് അഭിനയിപ്പിക്കും. മറ്റൊരു കൂട്ടർ ആരെങ്കിലും എന്തെങ്കിലും നേടി കഴിഞ്ഞാൽ അവരെ വച്ച് അഭിനയിക്കുന്നവർ. ദിലീഷ് പോത്തൻ പോലുള്ളവർ പുതിയ ഒരുപാട്പേർക്ക് അവസരം നൽകുന്നു.
കുക്ക് ചെയ്യാറണ്ടോ ?
ഞാൻ നല്ലൊരു കുക്കാണ്. നോൺ വെജാണ് കൂടുതൽ ഇഷ്ടം. ലോക് ഡൗണിൽ സാമ്പാർ ഉണ്ടാക്കാൻ പഠിച്ചു.
സിനിമകൾ തിരഞ്ഞെടുക്കുന്ന രീതി എങ്ങനെയാണ്?
സിനിമ മൊത്തത്തിൽ എങ്ങനെയുണ്ടെന്ന് നോക്കിയിട്ടാണ് തിരഞ്ഞെ ടുക്കുക. അതിൽ എന്റെ കഥാപാത്രം വലുതാണോ ചെറുതാണോ എന്നൊന്നും നോക്കാറില്ല. ജോജി പോലെയുള്ള സിനിമകൾ പത്തുവർഷത്തിൽ ഒരിക്കൽ കിട്ടുന്നതാണ്. ഞാൻ ഇപ്പോൾ അഭിനയിക്കുന്ന വിശാലിന്റെ ചിത്രത്തിലേ ക്കും മനോജ് ബാജ്പേയ് യുടെ ബോളിവുഡ് ചിത്രത്തിലേക്കും ജോജി കണ്ടാണ് എന്നെ വിളിച്ചത്.
സംവിധാനം , നിർമ്മാണം?
സിനിമയിൽ നിന്ന് മാറ്റി നിർത്തുന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ സിനിമയിൽ തന്നെ നിലകൊള്ളാനാണ് മറ്റു ജോലികളിൽ ഏർപ്പെട്ടത്. അഭിനയമാണ് എനിക്ക് ഇഷ്ടം. ഗ്യാംഗ് നിർമ്മിച്ചപ്പോൾ നിർമാതാവിന്റെ പേരിന്റെ സ്ഥാനത്ത് സ്വന്തം പേര് എഴുതാൻ സാധിക്കാത്ത അവസ്ഥ. അന്നൊന്നും ഒരു നടന്മാരും സിനിമ നിർമ്മിക്കില്ല. നിർമ്മിച്ചാൽ പിന്നെ സിനിമ കിട്ടില്ല. എന്റെ സുഹൃത്തുക്കൾ പലരും പറഞ്ഞാണ് എന്റെ പേര് വയ്ക്കാതെ മറ്റൊരു പേര് വച്ചത്. ഇന്ന് അങ്ങനെയൊരു കാര്യമില്ല. ആർക്ക് വേണമെങ്കിലും സിനിമ നിർമ്മിക്കാം.
ഫിറ്റ്നസിൽ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട്?
മമ്മുക്ക പറയുന്ന ഒരു കാര്യമുണ്ട്. ഇഷ്ടമുള്ളതെല്ലാമാവാം പക്ഷേ ഇഷ്ടമുള്ളിടത്തോളം ആകരുത്. അതപോലെയാണ് എല്ലാം വേണം. ഒപ്പം ഫിറ്റ്നസ് കാര്യങ്ങളും ശ്രദ്ധിക്കണം. ആഴ്ചയിൽ ഒരിക്കലെങ്കിലും ജിമ്മിൽ പോകും.