'എന്റെ ഒാണം വീട്ടിൽ അമ്മയ്ക്കും അച്ഛനും സഹോദങ്ങൾക്കുമൊപ്പമാണ് . ഓണക്കോടിയും സദ്യയും അത്തപ്പൂക്കളുമെല്ലാം പ്രിയപ്പെട്ടതാണ്. വളരെ ലളിതമായി വീട്ടിൽ തന്നെയാണ് ഇതുവരെ ആഘോഷിച്ചിട്ടുള്ളത്. പട്ടു പാവാടയും സെറ്റു സാരിയുമെല്ലാം ഉടുക്കാറുണ്ട്. ഓണ സദ്യയാണ് ഏറ്റവും പ്രധാനം. ഓരോ ആഘോഷങ്ങൾക്കും അതിന്റെ ഭക്ഷണം ആയിരിക്കും എനിക്ക് പ്രധാനം. പെരുന്നാൾ വരുമ്പോൾ മുസ്ലിം സുഹൃത്തുക്കളുടെ വീടുകളിൽ നിന്ന് ബിരിയാണി കൊണ്ട് വരാറുണ്ട്. അതിനൊരു പ്രത്യേക രുചിയാണ്. ഓണത്തിന് അവിയലും തോരനും കാളനും ഓലനും പായസവുമൊക്കെ കൂടിച്ചേർന്ന സദ്യ കഴിക്കുക എന്നതാണ് ഏറ്റവും ഇഷ്ടമുള്ള കാര്യം. ഉച്ചയ്ക്ക് കഴിക്കുന്ന അതേ സദ്യ വിഭവം രാത്രിയും കഴിക്കും. ഇത്തവണത്തെ ഓണത്തിനു വലിയ വ്യത്യാസങ്ങളില്ലാതെ വീട്ടിൽ തന്നെയായിരിക്കും. ഷൂട്ടിംഗ് പ്ലാനുകൾ നടക്കുന്നുണ്ട്. "" ഓണവിശേഷങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ.
''ഒരു സിനിമ എന്നത് ഒരുപാടുപേരുടെ പ്രയത്നമാണ്. കൊവിഡും ലോക് ഡൗണും എല്ലാ മേഖലയെയും ബാധിച്ചതു പോലെ സിനിമയെയും പ്രതിസന്ധിയിലാക്കി. സാമൂഹ്യ അകലം പാലിക്കുകയും ആൾക്കൂട്ടങ്ങളെ ഒഴിവാക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. സിനിമയുടെ ചിത്രീകരണത്തിനായാലും റിലീസിനായാലും ഈ ആൾക്കൂട്ടങ്ങളെ ഒഴിവാക്കി ഒന്നും ചെയ്യാനും സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത് സിനിമ മേഖലയെ വല്ലാതെ ബാധിച്ചു. പക്ഷേ ഇതിന് അവസാനം ഉണ്ടാകുമെന്ന് ഉറപ്പാണ്. അധികനാൾ കഴിയും മുമ്പ് സാഹചര്യം മാറുമെന്നാണ് എന്റെ വിശ്വാസം. അല്ലാതെ നമ്മൾ എല്ലാവരും ജീവിതകാലം മുഴുവൻ മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും അമ്പത് ശതമാനം ആൾക്കാർ മാത്രം ഇരുന്നു തിയേറ്ററുകളിൽ സിനിമ കാണുക എന്നത് നടക്കുന്ന കാര്യമല്ലല്ലോ. ഇൗ സാഹചര്യത്തിൽ ഒ ടി ടി പ്ലാറ്റ്ഫോമുകൾ നല്ല രീതിയിൽ ഉപയോഗിച്ചു. എല്ലാത്തിനെയും അതിജീവിക്കാൻ പഠിച്ചു. ദുൽഖർ സൽമാൻ നിർമ്മിച്ച് പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന അടി എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നു. ഷൈൻ ടോം ചാക്കോയാണ് നായകനായി എത്തുന്നത്. ധ്രുവനും പ്രധാന വേഷത്തിലുണ്ട് . നാൻസി റാണിയുടെ പത്തു ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ട്. ഇപ്പോഴ ത്തെ സാഹചര്യം മാറിയ ശേഷമേ തുടർചിത്രീകരണമുണ്ടാകൂ. തിരക്കഥകൾ കേൾകുന്നുണ്ട്. "" അഹാനയുടെ വാക്കുകൾ.