അഭിനയ ജീവിതത്തിൽ പത്താം വർഷത്തിലേക്ക് കടക്കുകയാണ് ടൊവിനോ തോമസ്
പത്ത് വർഷങ്ങൾ, നാല്പതിലേറെ ചിത്രങ്ങൾ. നായകനോ പ്രതിനായകനോ, കാരക്ടർ വേഷമോ എന്തായാലും തന്നെ 'എക്സൈറ്റ് " ചെയ്യുന്ന വേഷമാണെങ്കിൽ അത് ചെയ്യാൻ ടൊവിനോ തോമസ് റെഡി.
കഥ കേട്ടും തിരക്കഥ വായിച്ചും തന്നെയാണ് സിനിമകൾ ചെയ്യാമെന്ന് തീരുമാനിക്കുന്നതെങ്കിലും സംവിധായകനിൽ നിന്നോ തിരക്കഥാകൃത്തിൽ നിന്നോ നേരിട്ട് കഥ പറഞ്ഞ് കേൾക്കുന്നതാണ് തനിക്ക് കൂടുതലിഷ്ടമെന്ന് ടൊവിനോ പറയുന്നു.
''അവരിൽ നിന്ന് നേരിട്ട് കഥ കേൾക്കുമ്പോൾ ആ കഥ അവർ അവതരിപ്പിക്കാനുദ്ദേശിക്കുന്ന രീതി മനസിലാകും. എന്നിൽ നിന്ന് എങ്ങനെയുള്ള പെർഫോമൻസാണ് അവർ പ്രതീക്ഷിക്കുന്നതെന്ന് മനസിലാകും.""
ഓണം റിലീസായി പ്ളാൻ ചെയ്തിരുന്ന ടൊവിനോയുടെ സിനിമ മിന്നൽ മുരളിയാണ്. ടൊവിനോ നായകനായ ഗോദ ഒരുക്കിയ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ റിലീസ് ചെയ്യുന്നുണ്ട്.
കഴിഞ്ഞയാഴ്ച തൊടുപുഴയിലാണ് ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പൂർത്തിയായത്.
ഇത്തവണത്തെ ഓണം ഇരിങ്ങാലക്കുടയിലെ വീട്ടിൽ കുടുംബത്തോടൊപ്പം ആഘോഷിക്കാനാണ് ടൊവിനോയുടെ തീരുമാനം.
''എന്റേത് ഒരു കൂട്ടുകുടുംബമാണ്. മാതാപിതാക്കളും എന്റെയും ചേട്ടന്റെയും കുടുംബങ്ങളും ഒരുമിച്ചാണ് താമസിക്കുന്നത്. ആദ്യ ലോക് ഡൗൺ സമയത്താണ് എന്റെ ഇളയ മകൻ ടഹാൻ ജനിച്ചത്. ലോക്ക് ഡൗൺ കാരണം ഷൂട്ടിംഗുകളൊക്കെ നിറുത്തിവച്ചപ്പോൾ അവനോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ പറ്റി. കുട്ടികൾക്ക് ഓൺലൈൻ ക്ളാസൊക്കെയുണ്ടെങ്കിലും ഒന്നര വർഷത്തിലേറെയായി അവധിക്കാലം പോലെയല്ലേ.""
ഉയരെ എന്ന ചിത്രത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന കാണെക്കാണെ, ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദൻ, രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ രണ്ടാം ഭാഗമായ ഏലിയൻ അളിയൻ, നവാഗതനായ വിഷ്ണു രാഘവ് സംവിധാനം ചെയ്യുന്ന വാശി തുടങ്ങിയ ഒരുപിടി ചിത്രങ്ങളാണ് ടൊവിനോയുടേതായി അണിയറയിലൊരുങ്ങുന്നത്.
ഒടുവിൽ റിലീസ് ചെയ്ത കളയിൽ 'മസിൽ മാനാ"യി പ്രത്യക്ഷപ്പെട്ട ടൊവിനോ തോമസ് തന്റെ അടുത്ത ചിത്രമായ തല്ലുമാലയ്ക്ക് വേണ്ടി ശരീരഭാരം കുറയ്ക്കുകയാണ് ഇപ്പോൾ.
അനുരാഗ കരിക്കിൻവെള്ളം, ഉണ്ട തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ ഖാലിദ് റഹ്മാനാണ് തല്ലുമാലയുടെ സംവിധായകൻ. വൈറസിന്റെ രചയിതാവായ മുഹ്സിൻ പരാരിയുടേതാണ് രചന.