ബിജുമേനോന്റെ നായികയായി അഭിനയിക്കുമോ?മകൻദക്ഷ് ധാർമ്മിക്കിന് സിനിമാ മോഹങ്ങളുണ്ടോ?ആവർത്തിച്ച് കേൾക്കുന്ന ചോദ്യങ്ങൾക്ക് ആദ്യമായി സംയുക്താവർമ്മമറുപടി പറയുന്നു
നേരിട്ടും അല്ലാതെയും കഴിഞ്ഞ കുറേക്കാലമായി ഏറ്റവും കൂടുതൽ നേരിടേണ്ടി വന്ന ചോദ്യമേതെന്ന് ചോദിച്ചാൽ സംയുക്താവർമ്മയ്ക്ക് ചിരി പൊട്ടും. ''ചോദിക്കാതെ തന്നെ ഞാൻ പറയാം. സിനിമയിലേക്ക് തിരിച്ചു വരുന്നതിനെപ്പറ്റി ഞാൻ സീരിയസായി ആലോചിച്ചിട്ടേയില്ല.""
ബിജുമേനോന്റെ നായികയായി ഒരു സിനിമ വന്നാൽ സംയുക്ത അഭിനയിക്കുമോ?
അറിയില്ല. ഞാൻ അതിനെപ്പറ്റി ആലോചിച്ചിട്ടില്ല. അതാണ് സത്യം. പെട്ടെന്ന് ചോദിച്ചപ്പോൾ അഭിനയിക്കുമോ ഇല്ലയോയെന്ന് പറയാൻ പറ്റണില്ല. എല്ലാം ദൈവനിശ്ചയംപോലെ നടക്കട്ടെ.
ബിജുമേനോൻ അഭിനയിച്ച സിനിമകളിൽ പ്രിയപ്പെട്ടതേതാണ്?
ബിജുച്ചേട്ടൻ അഭിനയിച്ച എല്ലാ സിനിമകളും എനിക്കിഷ്ടമാണ്. ഒന്നോ രണ്ടോ എണ്ണം വേർതിരിച്ച് പറയാൻ പറ്റില്ല. എല്ലാ സിനിമകളിലും എടുത്തുപറയേണ്ട പ്രത്യേകതകൾ എന്തെങ്കിലും കാണും. ചിലപ്പോൾ ക്യാരക്ടറായിരിക്കാം, ചിലപ്പോൾ നല്ലൊരു സിനിമയുടെ ഭാഗമായി എന്ന സന്തോഷമായിരിക്കാം.
അഭിനയിച്ച സിനിമകളിൽ സംയുക്തയ്ക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതാണ്?
അത് വീണ്ടും ചില വീട്ടുകാര്യങ്ങൾ തന്നെയാണ്. അതെന്റെ ആദ്യത്തെ സിനിമയല്ലേ... അതുകൊണ്ടുതന്നെ ആ സിനിമയോടും അതിൽ ഞാൻ അവതരിപ്പിച്ച ഭാവന എന്ന കഥാപാത്രത്തോടും ഒരിഷ്ടക്കൂടുതലുണ്ട്.ഞാൻ എന്താണെന്നോ എങ്ങനെയാണെന്നോ ഒന്നുമറിയാതെ അത്രയും വലിയ ഒരു കഥാപാത്രം എന്നെ വിശ്വസിച്ചേല്പിച്ച എല്ലാവരോടും കടപ്പാടുണ്ട്. അങ്ങനെ ഒരു കഥാപാത്രം ആദ്യസിനിമയിൽ കിട്ടിയത് എന്റെ ഭാഗ്യമാണ്.
വീണ്ടും ചില വീട്ടുകാര്യങ്ങൾക്ക് മുൻപ് സംയുക്ത അഭിനയിച്ച സർഗത്തിലെ ചില സ്റ്റില്ലുകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ വന്നിരുന്നല്ലോ?
സർഗത്തിൽ ചെറിയമ്മ (ഉൗർമ്മിള ഉണ്ണി) അഭിനയിച്ചിട്ടുണ്ടല്ലോ. ഞാൻ ചെറിയമ്മയോടൊപ്പം ഷൂട്ടിംഗ് കാണാൻ പോയതാണ്. നന്ദിനി എന്ന രണ്ടാം നായികയുടെ കുട്ടിക്കാലം അവതരിപ്പിക്കാൻ ഒരു കുട്ടിയെ വേണമായിരുന്നു. അങ്ങനെയാണ് ഞാനതിൽ അഭിനയിച്ചത്. ഹരിഹരൻസാർ എപ്പോഴും പറയാറുണ്ട്. നീ ആദ്യം അഭിനയിച്ചത് എന്റെ സിനിമയിലാ''ണെന്ന്. ഹരിഹരൻ സാറിന്റെ സംവിധാനം. ഷാജി സാർ (ഷാജി എൻ. കരുൺ)ആയിരുന്നു കാമറാമാൻ. നായികയായ വീണ്ടും ചില വീട്ടുകാര്യങ്ങൾ സത്യൻസാറിന്റെയും ലോഹിസാറിന്റെയും സിനിമ. അത്രയും പ്രഗൽഭരായ ആളുകൾക്കൊപ്പം തുടങ്ങാൻ കഴിയുന്നതുതന്നെ ഭാഗ്യമല്ലേ. ആദ്യ നായകൻ ജയറാമേട്ടനെപ്പോലെ ഒരു സൂപ്പർ സ്റ്റാറും.
മകൻ ദക്ഷ് ധാർമ്മിക് ഇപ്പോൾ പത്തിലല്ലേ?
അതെ.
ദക്ഷിന് അഭിനയിക്കാൻ ആഗ്രഹമുണ്ടോ?
(ചിരി) ഇഷ്ടമൊക്കെയാണ്. സിനിമയെന്നത് ഒരു ഫാന്റസി ലോകമല്ലേ. ഒരുപാട് നിറങ്ങളുള്ള ലോകം. കുട്ടികളല്ലേ, അച്ഛൻ അഭിനയിക്കുന്നത് കാണുമ്പോൾ അവർക്കും ആഗ്രഹം തോന്നാം. ഞാനെപ്പോഴും ദക്ഷിനോട് പറയാറുണ്ട്. നമുക്ക് എത്ര കഴിവുണ്ടായിട്ടോ, നമ്മൾ എത്ര കഠിനാദ്ധ്വാനം ചെയ്തിട്ടോ കാര്യമില്ല. തലേവര എന്നൊരു കാര്യമുണ്ട്. അതുണ്ടെങ്കിലേ നമുക്ക് സിനിമാരംഗത്ത് നിലനിൽക്കാനാവൂവെന്ന്. കഴിവുള്ള ഒരുപാട് പേർ സിനിമയിൽ എത്താതെ പോയിട്ടുണ്ട്. സിനിമയിൽ നമ്മൾ കാണുന്നവരേക്കാൾ കണ്ടിട്ടുള്ളവരെക്കാൾ കഴിവുള്ള എത്രയോ പേർ!
ചില സമയത്ത് കഴിവും കഠിനാദ്ധ്വാനവും മാത്രം പോരാതെ വരും സിനിമയിൽ. അതിനൊപ്പം തലേവര കൂടിയുണ്ടെങ്കിൽ അതിനോടൊപ്പം കഴിവും കഠിനാദ്ധ്വാനവും ചേർന്നാൽ അത് ക്ളിക്കാകും. അതുകൊണ്ട് തന്നെ സിനിമയുടെ നിറപ്പകിട്ട് കണ്ടിട്ട് കണ്ണ് മഞ്ഞളിക്കേണ്ടന്നാണ് ഞാൻ ദക്ഷിനോട് പറയാറ്. അച്ഛന് ഭാഗ്യമുണ്ടായി.
ജൂനിയർ ആർട്ടിസ്റ്റായി സിനിമയുടെ പിന്നിൽ നിൽക്കുന്ന പലരും തലേവര ശരിയാകാത്തതുകൊണ്ടാകാം അവിടെത്തന്നെ നിൽക്കുന്നത്. കഴിവോ കഠിനാദ്ധ്വാനമോ ഇല്ലാത്തതുകൊണ്ടാവില്ല. നല്ല തലേവരയുള്ളവർ പിന്നിൽനിന്ന് മുന്നിലേക്ക് കയറിവരും.
താരമുഖമില്ലാത്ത സാധാരണ മുഖമുള്ള ചില ആൾക്കാരെ ചില കഥാപാത്രങ്ങൾക്കായി സെലക്ട് ചെയ്യാറില്ലേ, ഒറ്റ കഥാപാത്രംകൊണ്ട് ചിലർ ക്ളിക്കാവാറില്ലേ. അതൊക്കെ തലേവരയുടെ ഗുണം കൊണ്ടാണ്. അങ്ങനെയുള്ള അഭിനേതാക്കളോടാണ് നമുക്ക് റിലേറ്റ് ചെയ്യാൻ പറ്റുക. ഒരുപക്ഷേ വളരെ സുന്ദരനായ, സിക്സ് പാക് ഒക്കെയുള്ള ഒരാൾക്ക് അഭിനയിക്കാനുള്ള കഴിവുണ്ടെങ്കിൽകൂടി സിനിമയിൽ ക്ളിക്കാവണമെന്നില്ല. കാണുന്നവർക്ക് അവരിലൊരാളായി തോന്നിയാൽ മാത്രമേ സിനിമയിൽ ശ്രദ്ധിക്കപ്പെടൂവെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ദക്ഷ് അഭിനയിച്ചിട്ടുണ്ടോ?
സ്കൂളിൽ നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ദക്ഷിനോട് ഞാനെപ്പോഴും പറയാറുള്ളത് ദക്ഷിന് ദക്ഷിന്റേതായ ഒരുവഴിയുണ്ട്. ആ വഴി എന്നെങ്കിലും സിനിമയിൽ വന്നാൽ അത് ഭഗവാൻ തരുന്ന ഭാഗ്യമായി കരുതിയാൽ മതിയെന്നാണ്.
ഒാണത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങിയോ?
ഒാണം വീട്ടിൽത്തന്നെയാണ് ആഘോഷിക്കാറ്. കൊവിഡ് കാലമായതിനാൽ യാത്രകളോ മറ്റോ ഒന്നും പറ്റുകയുമില്ലല്ലോ.
സംയുക്ത നന്നായി പാചകം ചെയ്യുന്നയാളാണെന്ന് കേട്ടിട്ടുണ്ട്?
വെജിറ്റേറിയൻ വിഭവങ്ങളുണ്ടാക്കും. അത്രേയുള്ളൂ. വീട്ടിലുണ്ടാക്കുന്ന സാധാരണ ഭക്ഷണമുണ്ടാക്കനറിയാമെന്നല്ലാതെ കേക്കുണ്ടാക്കാനോ ബേക്കിംഗോ ഒന്നുമറിയില്ല. ഞാൻ ശുദ്ധ വെജിറ്റേറിയനൊന്നുമല്ലെങ്കിലും നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ഉണ്ടാക്കാനറിയില്ല.
സംയുക്ത യോഗയിൽ കൂടുതൽ ശ്രദ്ധിച്ച് തുടങ്ങിയത് കൊവിഡ് കാലത്താണോ?
അല്ല. ഞാൻ പത്തുവർഷമായി യോഗ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അഞ്ചുവർഷമായാണ് കുറെ കൂടി സീരിയസായി പഠിക്കാൻ തുടങ്ങിയത്. യോഗയിൽ ഞാൻ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് ചെയ്തു. അടുത്തുള്ള ചില വീട്ടമ്മമാർക്ക് ഞാൻ യോഗ ക്ളാസെടുക്കുന്നുണ്ട്. മറ്റുള്ളവർ നടത്തുന്ന ഒാൺലൈൻ യോഗ ക്ളാസുകളിൽ പങ്കെടുക്കാറുമുണ്ട്.
ബിജുമേനോൻ യോഗ ചെയ്യാറുണ്ടോ?
അയ്യോ ഒരു രക്ഷയുമില്ല. യോഗ പഠിപ്പിക്കാൻ ഞാൻ കുറെ ശ്രമിച്ചതാ. അച്ഛനും മോനും യോഗ തീരെ താത്പര്യമില്ല.
ബിജുച്ചേട്ടൻ ജിമ്മിൽ പോകാറുണ്ട്. നടത്തമുണ്ട്. ഭക്ഷണം ഇഷ്ടമുള്ളതേ കഴിക്കൂ.
ബിജുമേനോന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമേതാണ്?
ഞങ്ങൾ രണ്ടുപേർക്കും ചോറും കറികളും തന്നെയാണ് ഇഷ്ടം. ബിജുച്ചേട്ടന് മീൻകറി വലിയ ഇഷ്ടമാണ്. പക്ഷേ നോൺ വെജ് ഞാൻ ഉണ്ടാക്കാറില്ല.എനിക്ക് മീൻ തീരെ പറ്റില്ല. അതിന്റെ മണമേ ഇഷ്ടമല്ല. ചിക്കൻ പിന്നെയും ഒാ കെയാണ്. ഞാനും ബിജുച്ചേട്ടനും ഭക്ഷണം നന്നായി ആസ്വദിക്കുന്നവരാണ്. ദക്ഷും അങ്ങനെതന്നെ.
യോഗ ചെയ്തു തുടങ്ങിയത് മെലിയാൻ വേണ്ടിയാണോ?
പലരും അങ്ങനെ കരുതുന്നുണ്ട്. യോഗയിൽ ഒരുപാട് ക്രിയകളുണ്ട്. മെലിയണമെങ്കിൽ യോഗതന്നെ ചെയ്യണമെന്നില്ല. എനിക്ക് യോഗയിലെ ക്രിയകൾ ചെയ്തു മെലിയാൻ താത്പര്യമില്ല. ശരീരത്തെ മാറ്റിമറിക്കാൻ സർജിക്കലും നോൺ സർജിക്കലുമായ എന്തെല്ലാം കാര്യങ്ങളുണ്ട് ഇന്ന്. ഒരു വർക്ക് ഏറ്റെടുക്കുമ്പോൾ ആ വർക്ക് ആവശ്യപ്പെടുകയാണെങ്കിൽ തീർച്ചയായും ഞാൻ മെലിയാനോ വണ്ണം വയ്ക്കാനോ തയ്യാറാണ്. ഇപ്പോൾ എനിക്ക് അതിന്റെ ആവശ്യവുമില്ല.
ഹരിതം രുചികൾ ഇഷ് ടമായതിനാലാണ്പരസ്യത്തിൽ അഭിനയിച്ചത്
ഹരിതം ഫുഡ്സിന്റെ പ്രോഡക്ടുകൾ ഉപയോഗിച്ച് ഇഷ്ടപ്പെട്ടതുകൊണ്ടാണ് അവരുടെ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് സംയുക്താവർമ്മ പറയുന്നു.ഹരിതം ഫുഡ്സിന്റെ പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞവർഷം ആദ്യം ഒാഫർ വന്നപ്പോൾ ഞാനത് വേണ്ടെന്നു വച്ചതാണ്. അപ്പോൾ ഞാൻ ചെയ്യുന്നില്ലെന്ന് പറഞ്ഞെങ്കിലും അവർ പിന്നെയും പിന്നെയും എന്നെ സമീപിച്ചു. പിന്നീട് ഞാനാ പ്രോഡക്ടിനെപ്പറ്റി അന്വേഷിച്ചു. അവർ എനിക്ക് പ്രോഡക്ട്സ് കൊണ്ടുവന്നുതന്നു. സാമ്പാർ പൊടിയും മസാലപ്പൊടികളും പുട്ടുപൊടിയും പായസം മിക്സുമൊക്കെ ഉപയോഗിച്ചപ്പോൾ എനിക്ക് ഇഷ്ടമായി. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊക്കെ കൊടുത്തപ്പോൾ അവർക്കും ഇഷ്ടപ്പെട്ടു. എനിക്ക് ഇഷ്ടപ്പെട്ടാലേ ഞാനത് മറ്റുള്ളവരോട് നിർദ്ദേശിക്കൂ. പ്രോഡക്ട്സ് ഇഷ്ടമായതിനാലാണ് മറ്റുള്ളവർക്ക് നൽകിയതും അവരുടെ പരസ്യത്തിൽ അഭിനയിക്കാമെന്ന് തീരുമാനിച്ചതും. സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും പരസ്യചിത്രങ്ങളിൽ ഞാൻ അഭിനയിക്കാറുണ്ട്. കല്യാണം കഴിഞ്ഞ ആ വർഷം മുതൽതന്നെ ഞാൻ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ദക്ഷിനെ പ്രസവിച്ച ആ വർഷമോ മറ്റോ ആണ് ഞാൻ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാതിരുന്നത്. ഒന്നോ രണ്ടോ ദിവസത്തെ വർക്കേ പരസ്യ ചിത്രങ്ങൾക്കുണ്ടാകൂ. അധിക ദിവസം വീട്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരില്ല.
എറണാകുളത്തായിരുന്നു ഹരിതം ഫുഡ്സിന്റെ പരസ്യത്തിന്റെ ഷൂട്ടിംഗ്. രണ്ടുദിവസം കൊണ്ടാണ് പൂർത്തിയായത്.