ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയായിരിക്കും അജുവിന്റെ അടുത്ത റിലീസ്
സഹതാരങ്ങൾക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം ഷൂട്ടിംഗിന്റെ ഇടവേളയിൽ ലൊക്കേഷനിലെ ഒാണസദ്യ രുചിച്ചവർക്കേ അതിന്റെ മഹത്വവും സ്വാദും മനസിലാകൂ.
എല്ലാവർക്കുമൊപ്പമുള്ള അത്തരമൊരു ഒാണക്കാലവും ഒാണസദ്യയുമാണ് ഇത്തവണ താൻ കാത്തിരിക്കുന്നതെന്ന് അജു വർഗീസ് പറയുന്നു.
''ലൊക്കേഷനുകളിലെ ഒത്തുകൂടലും സന്തോഷങ്ങളുമൊക്കെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. കൊവിഡ് വില്ലനായെത്തിയതെ മലയാള സിനിമയ്ക്ക് ആദ്യമായി ഒാണ സീസൺ നഷ്ടമായി. സിനിമാ വ്യവസായത്തിന്റെയും തിയേറ്ററുകളുടെയുമൊക്കെ നഷ്ടക്കണക്ക് ഒാർക്കുമ്പോൾ എന്നെപ്പോലെയുള്ളവരുടെ നഷ്ടം ചെറുതാണ്. വീട്ടിലായിരുന്നു കഴിഞ്ഞ ഒാണം. വീട്ടുകാർക്കൊപ്പം ഏത് ആഘോഷത്തിനും ഒത്തുകൂടുന്നത് സന്തോഷം തന്നെയെങ്കിലും ലൊക്കേഷനുകളിലെ ആഘോഷത്തിന്റെയത്ര വരില്ല അതൊന്നും.""അജുവിന്റെ വാക്കുകൾ.
ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയായിരിക്കും അജുവിന്റെ അടുത്ത റിലീസ് . തിയേറ്ററുകൾ തുറന്നാലുടൻ റിലീസ് ചെയ്യാനാണ് തീരുമാനം. പൊലീസ് വേഷമാണ് മിന്നൽ മുരളിയിൽ അജുവിന്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയമാണ് അജുവിന്റെ ക്രെഡിറ്റിലുള്ള മറ്റൊരു ചിത്രം.
ഉണ്ണിമുകുന്ദൻ നിർമ്മിച്ച് നായകനായി അഭിനയിക്കുന്ന മേപ്പടിയാൻ, ഒരു താത്വിക അവലോകനം , ഉല്ലാസം, ഗഗനചാരി, സായാഹ്ന വാർത്തകൾ, ഹോം, ഖാലി പേഴ്സ് ഒഫ് ദ ബില്ല്യണേഴ്സ് , കുടുക്ക് 2025, സണ്ണി, സാന്റാക്രൂയിസ്, നാൻസി റാണി, പ്രകാശൻ പറക്കട്ടെ അജു അഭിനയിച്ച് പൂർത്തിയാക്കിയ സിനിമകളുടെ നിര അങ്ങനെ നീളുന്നു.മലർവാടി ആർട്സ് ക്ളബിന്റെ പത്താം വർഷത്തിൽ അജുവും ഭഗത് മാനുവലും ഹരീകൃഷ്ണനും ഒന്നിച്ചഭിനയിക്കുന്ന മിസ്റ്റർ വുമൺ ആണ് മറ്റൊരു ചിത്രം.
നവാഗതരായ ഗിനു ജെയിംസും മാത്സൺ ബേബിയുമാണ് സംവിധായകർ.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന വാലാട്ടിയിലും രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രമായ സണ്ണിയിലും ശബ്ദ സാന്നിദ്ധ്യമായി അജു വരുന്നുണ്ട്.
നാല് നായ്ക്കൾ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന വാലാട്ടിയിൽ കോഴിക്കാണ് അജു ശബ്ദം നൽകുന്നത്.