ഹൈദരാബാദിൽ തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിലാണ് ദുൽഖർ ഇത്തവണ ഓണമാഘോഷിക്കുന്നത്
സിനിമാ ചിത്രീകരണങ്ങൾക്കായി വീട്ടിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ കിട്ടുന്ന നേരത്തൊക്കെ ഫോണിൽ തന്റെ കുഞ്ഞുമറിയത്തിന്റെ ചിത്രങ്ങൾ നോക്കിയിരിക്കുകയെന്നതാണ് ദുൽഖറിന് ഏറ്റവും പ്രിയപ്പെട്ട്യ കാര്യങ്ങളിലൊന്ന്. മറിയം ജനിച്ചപ്പോൾ മുതലുള്ള ഒരുപാട് ചിത്രങ്ങളുടെ വൻ ശേഖരം തന്നെയുണ്ട് ദുൽഖറിന്റെ ഫോണിൽ.
കുഞ്ഞുമറിയത്തിന്റെ ജന്മദിനത്തിനോ മറ്റ് ആഘോഷങ്ങൾക്കോ എത്ര ദൂരെയാണെങ്കിലും വീട്ടിലേക്ക് പറന്നെത്താൻ ശ്രമിക്കാറുണ്ട് ദുൽഖർ. മറിയത്തിന്റെ നാലാം പിറന്നാൾ കടന്നുപോയത് ഈ ലോക്ഡൗൺ കാലത്താണ്, കഴിഞ്ഞ മേയ് ആറിന്. പെരുന്നാളിന് ദുൽഖർ ഹൈദരാബാദിലായിരുന്നു. ഓണക്കാലത്തും ദുൽഖർ ഹൈദരാബാദിൽ തന്നെയായിരിക്കും.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ടിന്റെ അവസാനഘട്ട ചിത്രീകരണം ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ ജൂലായ് 25നാണ് പൂർത്തിയായത്. തുടർന്ന് ഹൈദരാബാദിൽ നിന്ന് എറണാകുളത്തെത്തിയ ദുൽഖർ സൽമാൻ വിസ്മയ സ്റ്റുഡിയോയിൽ സല്യൂട്ടിന്റെ ഡബിംഗ് പൂർത്തിയാക്കി.
ഷെഡ്യൂൾ ബ്രേക്ക് ചെയ്തിരുന്ന ദുൽഖറിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഹൈദരാബാദിൽ ആഗസ്റ്റ് 4 മുതൽ ചാർട്ട് ചെയ്തിരിക്കുകയാണ്. ഇരുപത് ദിവസത്തിലേറെ നീണ്ടുനിൽക്കുന്ന ഷെഡ്യൂളാണ്പ്ളാൻ ചെയ്യുന്നത്.
ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ഈ പീര്യഡ് ഡ്രാമയിൽ ലഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്.
നെറ്റ് ഫ്ളിക്സ് വെബ് സീരീസായ ഗോസ്റ്റ് സ്റ്റോറീസ്, ബോളിവുഡ് ചിത്രങ്ങളായ സൂപ്പർ 30, ബദ്ലാഹൗസ് എന്നിവയിലൂടെ ശ്രദ്ധേയയായ മൃണാൾതാക്കൂറാണ് നായിക.
ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പും പ്രശസ്ത കൊറിയോഗ്രാഫർ ബൃന്ദ സംവിധായികയാകുന്ന തമിഴ് ചിത്രം ഹേ സിനാമികയും ദുൽഖർ പൂർത്തിയാക്കിക്കഴിഞ്ഞു.
ഹേ സിനാമികയിലൂടെ തമിഴിലും ഗായകനായി അരങ്ങേറുകയാണ് ദുൽഖർ. ഗോവിന്ദ് വസന്തയുടെ ഈണത്തിൽ മദൻ കാർക്കി എഴുതിയ വരികളാണ് ഹേ സിനാമികയ്ക്ക് വേണ്ടി ദുൽഖർ പാടിയത്.