തിരുവനന്തപുരം: ജില്ലയിലെ പ്രധാന ജയിലായ പൂജപ്പുര സെൻട്രൽ ജയിലിൽ ഇനി മുതൽ തടവുകാരെ കാണാനെത്തുന്നവർക്ക് മാതൃകാ സന്ദർശന കൂടിക്കാഴ്‌ചാ കേന്ദ്രവും. ജയിൽ അന്തേവാസികളെ സന്ദർശിക്കാനെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുകൾക്കും അഭിഭാഷകർക്കും മറ്റും വിശ്രമിക്കാൻ മതിയായ അടിസ്ഥാന സൗകര്യങ്ങൾ സന്ദർശക മുറിയിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശക, കൂടിക്കാഴ്‌ചാ കേന്ദ്രവും ആധുനിക ആശയ വിനിമയ സംവിധാനവും കേരളത്തിലെ മറ്റെല്ലാ ജയിലുകൾക്കും ഒരു മാതൃകയായി മാറുമെന്നാണ് ജയിൽ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
42 ലക്ഷം ചെലവിട്ടു
2017 -18 സാമ്പത്തിക വർഷത്തെ തടവുകാരുടെ ക്ഷേമ വാർഷിക പദ്ധതി പ്രകാരം അനുവദിച്ച 42 ലക്ഷം രൂപ വിനിയോഗിച്ചാണ് ജയലിൽ മാതൃകാ സന്ദർശക, കൂടിക്കാഴ്ച കേന്ദ്രം നിർമ്മിച്ചത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണച്ചുമതല. സി.സി.ടി.വി നിരീക്ഷണ സംവിധാനവും കോഫി - ടീ വെൻഡിംഗ് മെഷീനും ശീതീകരിച്ച സന്ദർശക മുറിയിൽ സ്ഥാപിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളും തടവുകാരുടെ അവകാശങ്ങളും മറ്റും പ്രതിപാദിക്കുന്ന അന്താരാഷ്ട്ര പ്രമാണങ്ങളും കോടതി ഉത്തരവുകളുടെ അന്തസത്തയും ഉൾകൊണ്ടും തടവുകാരുടെ അന്തസ്സും മാന്യതയും സ്വകാര്യതയും മാനിച്ചു കൊണ്ട് സുതാര്യവും സുരക്ഷിതവുമായ സന്ദർശക, കൂടിക്കാഴ്‌ച തടവുകാർക്കു ഉറപ്പു വരുത്തുന്നതിന് 10 ഗ്ലാസ് ക്യൂബിക്കിളുകൾ ഒരുക്കിയിട്ടുണ്ട്. ആധുനിക ആശയ വിനിമയ സംവിധാനം (വിസിറ്റർ കമ്മ്യൂണിക്കേഷൻ സിസ്‌റ്റം) സ്ഥാപിക്കുന്നതിന് 2021-22 സാമ്പത്തിക വർഷത്തിൽ 1,69,632 രൂപ വിനിയോഗിച്ചിട്ടുണ്ട്.
പൗൾട്രി ഫാം ഷെഡ്ഡുകൾ
2017 -18 സാമ്പത്തിക വർഷത്തെ തടവുകാരുടെ ക്ഷേമവാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് പൗൾട്രി ഫാം ആരംഭിക്കുന്നതിനുള്ള ഷെഡ്ഡുകളും നിർമ്മിച്ചിട്ടുണ്ട്. തുടക്കത്തിൽ 2000 കോഴികളെ ഇവിടെ വളർത്തുന്നതിന് സാധിക്കും. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ജയിൽ വക ഭക്ഷണ നിർമ്മാണ യൂണിറ്റുകളിലേക്ക് കോഴി ഇറച്ചി വിതരണം ചെയ്യാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
പ്രിസണേഴ്സ് ഇൻഫർമേഷൻ കിയോസ്‌ക്
ന്യൂഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻ.ഐ.സി.വികസിപ്പിച്ചെടുത്ത ഇ - പ്രിസൺസ് എന്ന സോഫ്‌റ്റ്‌വെയർ മുഖാന്തരം കേരളത്തിലെ ജയിലിലെ അന്തേവാസികളുടെ പ്രാഥമിക വ്യക്തി വിവരങ്ങൾ, ഉൾപ്പെട്ടിരിക്കുന്ന കേസുകളുടെ വിശദാംശങ്ങൾ, നൽകിയിട്ടുള്ള ശിക്ഷായിളവ്, പരോൾ വിവരങ്ങൾ, ഫയൽ ചെയ്തിട്ടുള്ള ക്രിമിനൽ അപ്പീൽ സംബന്ധിച്ച വിവരങ്ങൾ, ആർജ്ജിച്ച വേതനം, കോടതിയിൽ ഹാജരാക്കേണ്ടത്, ബന്ധുക്കളുമായുള്ള കൂടിക്കാഴ്‌ചയുടെ വിവരങ്ങൾ തുടങ്ങിയവ ശേഖരിച്ച് 2015 മുതൽ ജയിലിൽ ഭരണ നിർവഹണത്തിന് ഉപയോഗിച്ച് വരുന്നു. നിലവിൽ തടവുകാർക്ക് തങ്ങളുടെ കേസുകൾ സംബന്ധിച്ച വിവരങ്ങൾ നിശ്ചിത സമയത്ത് ഓഫീസിൽ നേരിട്ട് ഹാജരായി മനസിലാക്കേണ്ട സ്ഥിതിയാണ്. തടവുകാരുടെ ബാഹുല്യവും ഉദ്യോഗസ്ഥരുടെ അപര്യാപ്തതയും തന്മൂലം നിലവിലുള്ള ഉദ്യോഗസ്ഥരുടെ കൃത്യാന്തര ബാഹുല്യവും തടവുകാർ തങ്ങളുടെ ജോലികളിൽ വ്യാപൃതരാകുന്നതിനാലും പ്രവൃത്തി സമയത്ത് ഓഫീസിൽ നേരിട്ട് ഹാജരായി വിവരങ്ങൾ അറിയുന്നതിന് സ്വാഭാവികമായും കാലതാമസമുണ്ടാകുന്നുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും തടവുകാർക്ക് യഥാസമയം വിവരങ്ങൾ അറിയുന്നതിനുമാണ് ജയിലുകളിൽ ഇ-പ്രിസൺ കിയോസ്‌കുകൾ സ്ഥാപിക്കുവാൻ ജയിൽ വകുപ്പ് തീരുമാനിച്ചത്. പ്രാഥമിക ഘട്ടത്തിൽ തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിൽ കിയോസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ബയോമെട്രിക് സംവിധാനത്തിലുള്ള കിയോസ്‌കുകളിൽ നിന്ന് തടവുകാർക്കു വിരൽ തുമ്പിൽ വിവരങ്ങൾ ലഭ്യമാകും. അതുകൊണ്ടു തന്നെ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ മറ്റ് അന്തേവാസികൾക് ശേഖരിക്കാനും കഴിയില്ല. കൂടാതെ തങ്ങളുടെ പരാതികൾ ബോധിപ്പിക്കുന്നതിനുള്ള സൗകര്യവും ടി കിയോസ്‌കിൽ ലഭ്യമാണ്.