resmitha-ramachandran-

തിരുവനന്തപുരം : രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങി. 20 ഇരുപത് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ, 53 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ, 52 ഗവൺമെന്റ് പ്ലീഡർമാർ എന്നിവരുടെ നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്. ഒരു സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം ഒഴിച്ചിട്ടിട്ടുമുണ്ട്. 20 സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരിൽ അഞ്ച് പേർ വനിതകളാണ്.

പി. സന്തോഷ് കുമാർ (വ്യവസായം), രാജേഷ് എ ( വിജിലൻസ്), റോബിൻ രാജ് (എസ് സി / എസ് ടി), എസ് യു നാസർ (ക്രിമിനൽ), കെ ബി രാമാനന്ദ് (അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്), മുഹമ്മദ് റഫീഖ് (നികുതി), താജുദ്ദീൻ പി പി (സഹകരണം), എം എൽ സജീവൻ (റവന്യു), രഞ്ജിത്ത് എസ് (അഡീഷണൽ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്), എം എച്ച് ഹനിൽ കുമാർ (റവന്യു), ടി പി സാജൻ (ഫോറസ്റ്റ്), സിറിയക് കുര്യൻ (ജലസേചനം) എന്നിവരാണ് മറ്റ് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ.

53 സീനിയർ ഗവൺമെന്റ് പ്ലീഡർമാരിൽ രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ മകൾ സൂര്യ ബിനോയ്, സുപ്രീം കോടതി മുൻ ജഡ്ജിയും നിലവിലെ ലോകായുക്തയുമായ സിറിയക് ജോസഫിന്റെ സഹോദരി പുത്രി തുഷാര ജയിംസും ഉൾപെടുന്നു. ഇവർ ഒന്നാം പിണറായി സർക്കാരിന്റെ ഗവൺമെന്റ് പ്ലീഡർ ആയിരുന്നു. ഇത്തവണ സീനിയർ ഗവൺമെന്റ് പ്ലീഡറായി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.

ഗവൺമെന്റ് പ്ലീഡർമാരായി നിയമിതരായവരിൽ ഏറ്റവും ശ്രദ്ധേയമായത് സുപ്രീം കോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്റെ പേരാണ്. സുപ്രീം കോടതിയിൽ സിപിഎം നേതാക്കൾക്കും, പോഷക സംഘടനകൾക്കുമായി നിരവധി കേസുകൾ രശ്മിത രാമചന്ദ്രനാണ് ഫയൽ ചെയ്തിട്ടുള്ളത്. അടുത്തായി ജോൺ ബ്രിട്ടാസിന് വേണ്ടി വാക്സിനേഷൻ കേസിലും കേസ് ഫയൽ ചെയ്തത് രശ്മിതയാണ്.