mary-kom

ടോക്യോ: വനിതകളുടെ 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ ഇന്ത്യയുടെ മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോട് തോറ്റ് പുറത്തായി. പ്രീക്വാർട്ടറിലാണ് മേരി കോം പരാജപ്പെട്ടത്. 2016 റിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ ജേതാവായ ലൊറേനയോട് 3 - 2നാണ് മേരി കോം പരാജയപ്പെട്ടത്. 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടിയ 38കാരിയായ മേരികോമിന്റെ അവസാന ഒളിമ്പിക്സായിരുന്നു ഇത്തവണത്തേത്. ആറു തവണ ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടിയിട്ടുള്ള മേരി കോം അമ്മയായശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കി ലോക ശ്രദ്ധ നേടിയ താരംകൂടിയാണ്.

നേരത്തെ ഇന്ത്യൻ താരങ്ങളായ സതീഷ് കുമാറും പൂജാ റാണിയും ലവ്‌ലിന ബോര്‍ഗോഹെയ്‌നും ബോക്‌സിംഗ് ക്വാര്‍ട്ടർ ഫൈനലിലെത്തിയിരുന്നു. ഇന്നു രാവിലെ നടന്ന പുരുഷന്‍മാരുടെ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ സതീഷ് ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തകര്‍ത്തു.