അഭിനയ ജീവിതത്തിൽ കാൽനൂറ്റാണ്ടിലേക്ക് കടക്കുന്നുകുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബനെന്ന ചാക്കോച്ചൻ ആദ്യമായി നായകനായഭിനയിച്ച അനിയത്തിപ്രാവ് റിലീസായത് 1997ൽ ആണ്. വർഷങ്ങളുടെ കണക്കെടുത്താൽ അഭിനയ ജീവിതത്തിൽ കാൽനൂറ്റാണ്ടിലേക്ക് കടക്കാനൊരുങ്ങുകയാണ് കുഞ്ചാക്കോ ബോബൻ.
അനിയത്തി പ്രാവിലൂടെ തന്നെ നായകനായി അവതരിപ്പിച്ച ഫാസിലിന്റെ ധന്യ എന്ന ചിത്രത്തിൽ വർഷങ്ങൾക്കുമുൻപ് ബാലതാരമായി കൊച്ച് ചാക്കോച്ചൻ അഭിനയിച്ചിട്ടുണ്ടെന്നത് മറക്കുന്നില്ല. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബൻ കുഞ്ചാക്കോ നിർമ്മിച്ച ആ ചിത്രത്തിൽ നാല്പത് വർഷങ്ങൾക്കുമുൻപ് അഭിനയിക്കുമ്പോൾ കുഞ്ചാക്കോ ബോബന് അഞ്ച് വയസ്.
അഭിനയ ജീവിതത്തിന്റെ ആരംഭകാലത്തെ റൊമാന്റിക് ഹീറോ പരിവേഷം കുടഞ്ഞുകളയാനായതാണ് ഒരു നടനെന്ന നിലയിൽ തന്നെ ഇപ്പോൾ സന്തോഷിപ്പിക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.ചെമ്പൻ വിനോദ് ജോസിന്റെ രചനയിൽ തമാശ ഫെയിം അഷ്റഫ് ഹംസ സംവിധാനം ചെയ്യുന്ന ഭീമന്റെ വഴി കുഞ്ചാക്കോ ബോബൻ പൂർത്തിയാക്കികഴിഞ്ഞു.മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന അറിയിപ്പാണ് കുഞ്ചാക്കോ ബോബൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. മെഗാഹിറ്റായ അഞ്ചാംപാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ആറാം പാതിരയാണ് കുഞ്ചാക്കോ ബോബനെ കാത്തിരിക്കുന്ന മറ്റൊരു മെഗാ പ്രോജക്ട്.
തീവണ്ടിക്ക് ശേഷം ആഗസ്റ്റ് സിനിമാസിന് വേണ്ടി ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ഒറ്റിന്റെ ഒരു ഷെഡ്യൂൾകൂടി ബാക്കിയുണ്ട്. രണ്ടകമെന്ന പേരിൽ തമിഴിലും ചിത്രീകരിക്കുന്ന ഇൗ ചിത്രത്തിൽ അരവിന്ദ് സ്വാമിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ന്നാ... താൻ കേസ് കൊട്, എസ്ര ഫെയിം ജെയ് കെ. സംവിധാനം ചെയ്യുന്ന ഗ്ർർർ...... എന്നിവയും കുഞ്ചാക്കോ ബോബനെ കാത്തിരിക്കുന്ന പ്രോജക്ടുകളാണ്.
ഏറെക്കാലത്തിന് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിച്ചഭിനയിക്കുന്ന ഒരു ചിത്രവും അണിയറയിൽ ഒരങ്ങുന്നുണ്ട്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇൗ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.