ബ്രോ ഡാഡിയുടെ സെറ്റിൽമോഹൻലാലിന് ഒപ്പമാണ്പൃഥ്വിരാജിന്റെ ഒാണാഘോഷം
മോഹൻലാലിനും കൂട്ടർക്കുമൊപ്പം ഹൈദരാബാദിൽ ബ്രോ ഡാഡിയുടെ സെറ്റിലായിരിക്കും ഇക്കുറി പൃഥ്വിരാജിന്റെ ഓണം. ഹൈദരാബാദിൽ ആഗസ്റ്റ് അവസാനം വരെ ബ്രോ ഡാഡിയുടെ ചിത്രീകരണമുണ്ടാകുമെന്നാണ് സൂചന.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം മീന, കനിഹ, ഷൈൻ ടോം ചാക്കോ തുടങ്ങി വമ്പൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്.ശ്രീനിവാസനും സിദ്ദിഖ് ലാലും റാഫി മെക്കാർട്ടിനുമൊക്കെ സൃഷ്ടിച്ച ചിരിയിൽ പൊതിഞ്ഞ ജീവിതഗന്ധിയായ സിനിമകൾ ഇപ്പോൾ മലയാളത്തിലുണ്ടാകുന്നില്ലല്ലോയെന്ന ചിന്തയിൽ നിന്നാണ് ബ്രോ ഡാഡിയുടെ പിറവിയെന്ന് പൃഥ്വിരാജ് പറയുന്നു.
''ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ചെയ്യാനിരിക്കുമ്പോഴാണ് ബ്രോ ഡാഡിയുടെ കഥ കേൾക്കുന്നത്. ബ്രോ ഡാഡിയുടെ കഥ അതിന്റെ തിരക്കഥാകൃത്തുക്കൾ എന്നോട്പറയാൻ വരുമ്പോൾ അവർക്കൊരു നിർമ്മാതാവുണ്ടായിരുന്നില്ല. അവരുടെ മനസിൽ അഭിനയിക്കേണ്ട താരങ്ങളുമുണ്ടായിരുന്നില്ല. എന്നെ അഭിനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവർ വന്നത്. സ്ക്രിപ്ട് കേട്ട് കഴിഞ്ഞപ്പോൾ ഇതെനിക്ക് വേണമെന്ന് പറഞ്ഞ് ഞാൻ വാങ്ങി. നിർമ്മിക്കാമെന്നും വിചാരിച്ചാണ് വാങ്ങിയതെങ്കിലും പിന്നീട് ചിന്തിച്ചപ്പോൾ ഈ സിനിമ എന്തുകൊണ്ട് എനിക്ക് സംവിധാനം ചെയ്തുകൂടായെന്നും തോന്നി. അതിന് രണ്ട് കാരണങ്ങളുണ്ട് . ഇപ്പോഴത്തെ സാഹചര്യത്തിൽ ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാൻ ഉടനെയൊന്നും തുടങ്ങാൻ കഴിയില്ലെന്നതാണ് ഒരു കാരണം. എമ്പുരാന് വേണ്ടി ഞാൻ ചിന്തിച്ച, ഡിസൈൻ ചെയ്ത രീതികളിൽ നിന്ന് നേരെ വിപരീത ദിശയിൽ നിൽക്കുന്ന സിനിമയാണ് ബ്രോ ഡാഡി. ഒരു ഫിലിം മേക്കർ എന്ന നിലയിൽ എന്നെ ആകർഷിച്ചത് അതാണ്. ലളിതവും സുന്ദരവുമായ ഒരു കൊച്ചുചിത്രമെന്നതാണ് ഒരഭിനേതാവെന്ന നിലയിൽ എന്നെ ആകർഷിച്ചത്. ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ, പൊട്ടിച്ചിരിയോടെയാണ് അദ്ദേഹം കേട്ടത്. ആ പൊട്ടിച്ചിരി പ്രേക്ഷകർക്കുമുണ്ടാകും""പൃഥ്വിരാജിന്റെ വാക്കുകൾ. നവാഗതനായ മനുവാര്യർ സംവിധാനം ചെയ്യുന്ന കുരുതി, ഡിജോ ആന്റണി സംവിധാനം ചെയ്യുന്ന ജനഗണമന, പ്രശസ്ത ഛായാഗ്രാഹകൻ രവി. കെ. ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമം എന്നീ ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ പൃഥ്വിരാജിന് ബ്ളെസിയുടെ ആടുജീവിതം പൂർത്തിയാക്കാനുണ്ട്.