kk

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ച ലേബർ വെൽഫെയർ കമ്മിഷണറുടെ പുതിയ ഓഫീസ് ചലച്ചിത്രപ്രവർത്തകരുടെ വർഷങ്ങളായുള്ള ആഗ്രഹമായിരുന്നുവെന്ന് നിർമ്മാതാവ് ജി. സുരേഷ് കുമാർ പറഞ്ഞു.

2014ൽ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിത താത്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങികിടന്നിരുന്ന തീരുമാനം നടനും എം.പിയുമായ സുരേഷ് ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് സുരേഷ്‌കുമാർ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു.


കണ്ണൂരിൽ പ്രവർത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചെലവായ പണം ധനമന്ത്രി നിർമ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുൾപ്പെടെ സുരേഷ് ഗോപി നടത്തിയ ഇടപെടലുകൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മർദ്ദങ്ങൾക്കും തുടരന്വേഷണങ്ങൾക്കും വാക്കുകൾ കൊണ്ടു നന്ദിപറയുവാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുരേഷ്‌കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചിരകാല സ്വപ്നം യാഥാർത്ഥ്യമായി

26-07-2021 ൽ തിരുവനന്തപുരത്തു പ്രവർത്തനമാരംഭിച്ച ലേബർ വെൽഫയർ കമ്മീഷണറുടെ പുതിയ കാര്യാലയം ചലച്ചിത്രപ്രവർത്തകരുടെ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു.

2014-ൽ ഉത്തരവിറങ്ങിയിട്ടും ചുവപ്പുനാടയിലും കണ്ണൂരിലെ സ്ഥാപിതതാല്പര്യക്കാരുടെ ചരടുവലികളിലും കുടുങ്ങിക്കിടന്നിരുന്ന കേന്ദ്രതൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം പ്രിയങ്കരനായ നമ്മുടെ എം.പി.ശ്രീ.സുരേഷ്ഗോപിയുടെ നിരന്തരശ്രമഫലമായാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

ഇതിനുവേണ്ടി അദ്ദേഹം നടത്തിയ സമ്മർദ്ദങ്ങൾക്കും തുടരന്വേഷണങ്ങൾക്കും വാക്കുകൾ കൊണ്ടു നന്ദിപറയുവാനാകില്ല.

കണ്ണൂരിൽ പ്രവർത്തിച്ചു വരുകയായിരുന്ന ഓഫീസ് അവിടെനിന്നും തിരുവനന്തപുരത്തേക്കു മാറ്റുന്നതിനു ചിലവായ പണം ധനമന്ത്രി ശ്രീമതി നിർമ്മല സീതാരാമനെക്കൊണ്ട് അനുവദിപ്പിച്ചതുൾപ്പെടെ ശ്രീ.സുരേഷ് ഗോപി നടത്തിയ ഇടപെടലുകൾ ശ്ളാഘനീയമാണ് !

സിനി വർക്കേഴ്സ് വെൽഫയർ ഫണ്ട്(cwwf)ചലച്ചിത്രപ്രവർത്തകരുടെ ക്ഷേമത്തിനായി കേന്ദ്രഗവൺമെന്റിന്റെ തൊഴിൽ മന്ത്രാലയം രൂപം കൊടുത്ത ക്ഷേമനിധിയാണ്.

' കണ്ണൂർ കാർഡ് ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ ക്ഷേമനിധിയുടെ ഡിസ്പെൻസറി വെൽഫയർ കമ്മീഷണറുടെ ഓഫീസിനു കീഴിൽ ബീഡിത്തൊഴിലാളി ക്ഷേമനിധിയോടൊപ്പം കണ്ണൂരിലും പിന്നെ ഗുരുവായൂരിലും പ്രവർത്തിച്ചുവരുകയായിരുന്നു.

അടുത്ത കാലത്ത് ഡിസ്പെൻസറി തിരുവനന്തപുരത്തേക്കു മാറ്റിയിരുന്നു.

ഇന്ത്യയിൽ തലസ്ഥാന നഗരിയിലല്ലാതെ പ്രവർത്തിക്കുന്ന രണ്ടേ രണ്ടു വെൽഫയർ കമ്മീഷണർ ഓഫീസുകളേയുള്ളു.

ഒന്ന് കേരളത്തിലും മറ്റൊന്ന് മഹാരാഷ്ട്രയിലും.

ഇപ്പോൾ എല്ലാ എതിർപ്പുകളെയും അതിജീവിച്ച് കേരളം വെൽഫയർ കമ്മീഷണറുടെ ഓഫീസ് തിരുവനന്തപുരത്തേക്കു മാറ്റി സ്ഥാപിച്ചു കഴിഞ്ഞു.

ഇനി കേന്ദ്ര ക്ഷേമനിധിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് കണ്ണൂരേയ്ക്കു പോവണ്ട.

മെമ്പർഷിപ്പിന് അപേക്ഷ നൽകി കാർഡിനായി കാലങ്ങൾ കാത്തിരിക്കണ്ട.

നൂലാമാലകളിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ അർഹരായവർക്കു എളുപ്പത്തിൽ ലഭ്യമാകും.

അഞ്ചു വർഷമായി മുടങ്ങിപ്പോയ സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്കു കിട്ടിത്തുടങ്ങും.

അടുത്തിടെ കേന്ദ്രഗവൺമെന്റ് നിർത്തലാക്കുന്നതിനു മുമ്പു വരെ ഹൗസിംഗ് സ്കീമിനായി അപേക്ഷിച്ചവർക്കും അനുകൂല തീരുമാനങ്ങളുണ്ടാകും. ചലച്ചിത്രപ്രവർത്തകരുടെ നിരവധി ക്ഷേമാനുകൂല്യങ്ങളെക്കുറിച്ച് അന്വേഷിക്കുവാനും അറിയുവാനും വെൽഫയർ കമ്മീഷണർ ഓഫീസ് കൈയെത്തും ദൂരത്തെത്തിക്കഴിഞ്ഞു.

ഈ സ്വപ്നസാക്ഷാത്ക്കാരത്തിനായി നിരന്തരം പ്രവർത്തിച്ച ശ്രീ.സുരേഷ് ഗോപിയെ ഒരിക്കൽക്കൂടി എല്ലാ കലാകാരന്മാരുടെയും സന്തോഷം അറിയിക്കുകയാണ്.

ഒരു സന്തോഷം കൂടി പങ്കുവെയ്ക്കുന്നു.

നമ്മുടെ വെൽഫയർ കമ്മീഷണറായി ഇപ്പോൾ നിയമിതനായിരിക്കുന്ന ശ്രീ.ജെ.യൂജിൻ ഗോമസ് തിരുവനന്തപുരം പേട്ട സ്വദേശിയാണ്.

ചലച്ചിത്രപ്രവർത്തകരെയും സിനിമയെയും സ്നേഹിക്കുന്ന പുതിയ കമ്മീഷണർ മലയാളിയാണെന്നതിൽ നമുക്കു കൂടുതൽ ആനന്ദിക്കാം