കൊളംബൊ: തകർന്നടിഞ്ഞ ബാറ്റിംഗ് നിരയും പുതുമുഖങ്ങളുടെ പരിചയക്കുറവും ചേർന്നപ്പോൾ ഇന്ത്യയ്‌ക്ക് പരമ്പര നഷ്‌ടം. മൂന്നാം ട്വന്റി20യിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തകർത്തതോടെ ശ്രീലങ്ക 2-1ന് പരമ്പര നേടി. ദുർബലമായ വിജയലക്ഷ്യം ശ്രീലങ്ക 33 പന്തുകൾ ബാക്കി നിൽക്കെ നേടിയെടുത്തു. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ധനഞ്ജയ ഡി സിൽവ(20 പന്തിൽ പുറത്താകാതെ 23)യും വാനിന്ദു ഹസരങ്കയും (9 പന്തിൽ 14) മെല്ലെ ലങ്കയെ വിജയതീരത്തെത്തിച്ചു.
ശ്രീലങ്കയുടെ നഷ്‌ടമായ മൂന്ന് വിക്കറ്റുകളും നേടിയത് യുവതാരം രാഹുൽ ചഹർ ആണ്. നാല് ഓവറുകളിൽ 15 റൺസ് വഴങ്ങിയാണ് ചഹർ മൂന്ന് വിക്കറ്റും നേടിയത്. ശ്രീലങ്കൻ നിരയിൽ ഓപ്പണർമാരായ അവിഷ്‌ക ഫെർണാണ്ടോ (12), മിനോദ് ഭാനുക(18), സമരവിക്രമ(6) എന്നിവരാണ് പുറത്തായത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ബാറ്റ്സ്‌മാൻമാരുടെ കുറവിലും അനുഭവ പരിചയ കുറവിലും വല്ലാതെ കുഴങ്ങി. നായകൻ ശിഖർ ധവാൻ ആദ്യ പന്തിൽ തന്നെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.ധവാന് പിന്നാലെ ഒൻപത് റൺസ് മാത്രം നേടി മലയാളി താരം ദേവ്ദത്ത് പടിക്കലും പുറത്തായി. പിറകെ റണ്ണൊന്നുമെടുക്കാതെ സഞ്ജു സാംസണും പുറത്തായപ്പോൾ ഇന്ത്യ 24ന് 3. ഒരു റൺ കൂട്ടി ചേർക്കുന്നതിനിടെ ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ്(14) പുറത്ത്. പിന്നാലെ നിതീഷ് റാണയും(6) പുറത്തായി.
ഭുവനേശ്വർ കുമാർ (16) ,രാഹുൽ ചാഹർ (5) വരുൺ ചക്രവർത്തി (0) എന്നിവരും പുറത്തായി. 28 പന്തുകളിൽ 23 റൺസ് നേടി കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറർ ആയത്. ചേതൻ സകറിയ അഞ്ച് റൺസോടെ ഒപ്പം നിന്നതോടെ ഇന്ത്യൻ ഇന്നിംഗ്സ് 20 ഓവറിൽ 81ന്8 എന്ന നിലയിൽ അവസാനിച്ചു. വാനിന്ദു ഹസരങ്ക നാല് ഓവറിൽ വെറും ഒൻപത് റൺസ് വഴങ്ങി നാല് വിക്കറ്റുകൾ നേടി. ക്യാപ്റ്റൻ ദസുൻ സനക 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി.