drone

ശ്രീനഗർ: ജമ്മുകാശ്മീരിൽ വീണ്ടും ഡ്രോണുകൾ കണ്ടെത്തി. സാംബ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രി പാകിസ്ഥാനിൽ നിന്നുള്ള മൂന്നു ഡ്രോണുകൾ കണ്ടെത്തിയെന്നാണ് അധികൃതർ പറയുന്നത്. ബാരി-ബ്രാഹ്മണ, ചിലദ്യ, ഗഗ്‌വാൾ മേഖലകളിലാണ് ഡ്രോണുകൾ കണ്ടത്. സുരക്ഷാ സ്ഥാപനങ്ങൾക്ക് മുകളിലും ജമ്മു-പത്താൻകോട്ട് ഹൈവേ പരിസരത്തുമാണ് ഡ്രോണുകളെ കണ്ടത്. ബി എസ് എഫ് വെടിയുതിർത്തതിനെ തുടർന്ന് ഇവ പാകിസ്ഥാൻ ഭാഗത്തേക്ക് മടങ്ങി എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞമാസം 27 ന് ജമ്മു എയർഫോഴ്സ് സ്റ്റേഷനിൽ ഭീകരർ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. വിമാനങ്ങളെയും ഹെലികോപ്ടറുകളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ഇതിനുശേഷം ജമ്മുവിലും പരിസരപ്രദേശങ്ങളിലും നിരവധി തവണയാണ് ഡ്രോണുകളെ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 23 ന് അഖ്നൂർ സെക്ടറിൽ സ്ഫോടകവസ്തുക്കൾ നിറച്ച ചൈനീസ് നിർമ്മിത ഡ്രോൺ സൈന്യം വെടിവച്ചിട്ടിരുന്നു. നേരത്തേ ജമ്മുവിലെ ഹിരാനഗർ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപവും ആയുധങ്ങൾ ഉണ്ടായിരുന്ന ഡ്രോൺ സൈന്യം തകർത്തിരുന്നു.

ഡ്രോൺ ആക്രമണ ഭീതി കടുത്തതോടെ സൈന്യം പരിശോധന കർശമാക്കുകയും നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജമ്മുവിലും പരിസരപ്രദേശങ്ങളിലും ഡ്രോണുകൾ ഉപയോഗിക്കുന്നതും വിൽക്കുന്നതും തടഞ്ഞിട്ടുണ്ട്.