തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റർ സ്ഥാനത്തുനിന്ന് എം സി അജിത്തിനെ മാറ്റി. മൂന്നംഗ സമിതിക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി. ഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ മാറ്റമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്.
അതിനിടെ, കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് പൊലീസ് മനഃപൂർവം വൈകിപ്പിക്കുന്നു എന്ന ആരോപണവുമായി ബി ജെ പിയും കോൺഗ്രസും രംഗത്തെത്തി. സി പി എമ്മിന്റെ ഒത്താശയോടെ ക്രൈംബ്രാഞ്ച് പ്രതികളെ മൊഴി പഠിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. ആറുദിവസം മുമ്പാണ് നാലുപ്രതികളെ കസ്റ്റഡിയിലെടുത്തത്. നാട്ടുകാരാണ് പ്രതികളുടെ ഒളിസങ്കേതം പൊലീസിന് കാട്ടിക്കൊടുത്തത്. എന്നാൽ പ്രതികളാരും കസ്റ്റഡിയിൽ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് കേസന്വേഷണം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയത്.
എന്നാൽ ആരോപണങ്ങൾ ശുദ്ധ അസംബന്ധമാണെന്നാണ് സി പി എം വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ബാങ്ക് രേഖകൾ പരിശോധിച്ചുവരികയാണെന്നും അതിനുശേഷമേ അറസ്റ്റിലേക്ക് നീങ്ങൂ എന്നുമാണ് പാർട്ടി പറയുന്നത്. വർഷങ്ങളായി സി പി എമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിൽ മുന്നൂറുകോടിയിലേറെ രൂപയുടെ തട്ടിപ്പാണ് നടന്നത്.