ആര്യനാട്: കുളപ്പട ഉഴമലക്കൽ മേഖലകളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും പേടിസ്വപ്നമായി മാറിക്കൊണ്ടിരുന്ന യുവാവിനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഉഴമലക്കൽ കുളപ്പട ആശാരിക്കോണം റോഡരികത്ത് വീട്ടിൽ സുബീഷാണ് (22) അറസ്റ്റിലായത്. രാത്രിയിൽ സ്ത്രീകളുള്ള വീടുകളിൽ കടന്നുകയറി അവരെ ഉപദ്രവിക്കുകയും, കുളിക്കുന്ന സമയം എത്തിനോക്കുകയും, വീഡിയോ എടുക്കുന്നതുമാണ് ഇയാളുടെ രീതി.
കുളപ്പടയിലെ ക്ഷേത്രത്തിൽ എത്തുന്ന സ്ത്രീകളെ ഇയാൾ ലഹരി ഉപയോഗിച്ചശേഷം ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് ക്ഷേത്ര ഭാരവാഹികൾ ആര്യനാട് പൊലീസിൽ പരാതി നല്കിയിരുന്നു. കുളപ്പട റസിഡന്റ്സ് അസോസിയേഷനിലെ നിരവധി സ്ത്രീകൾ ഒപ്പിട്ട പരാതിയാണ് പൊലീസിന് നല്കിയത്. ഇതിൽത്തന്നെ പലകേസുകളും പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കാരണം ഗൃഹസ്ഥനെയും മകളേയും ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ ഇയാളെ പൊലീസ് അന്വേഷിക്കുകയായിരുന്നു. ആര്യനാട് ഇൻസ്‌പെക്ടർ ജോസും, സബ് ഇൻസ്‌പെക്ടർ ശ്രീലാൽ ചന്ദ്രശേഖരനും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.