mary-kom

ടോക്യോ: വനിതകളുടെ ബോക്സിംഗിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്നു മേരി കോം. ആറു തവണ ലോകചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കിയ മേരിയിൽ നിന്ന് സ്വർണത്തിൽ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി പ്രീക്വാർട്ടറിലെ തോൽവിയെ തുടർന്ന് മേരിയുടെ മെഡൽ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.

എന്നാൽ മത്സരശേഷം മേരി കോം വിജയാഹ്ളാദത്തിൽ മുഷ്ടിചുരുട്ടി ആവേശം കാണിച്ചതും റിംഗിനുള്ളിൽ ആഘോഷിച്ചതുമെല്ലാം ഇന്ത്യൻ ആരാധകർക്കിടയിൽ ആശയകുഴപ്പം സൃഷ്ടിച്ചു. തന്റെ അവസാന ഒളിമ്പിക്സ് ആയതിനാലാകും മേരി ഇത്തരത്തിൽ പെരുമാറുന്നതെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ യാഥാർത്ഥ്യം അതല്ല മറിച്ച് ശരിക്കും ജയിച്ചത് താൻ ആണെന്നാണ് കരുതിയത് എന്നാണ് മേരി പറയുന്നത്.

മത്സരശേഷം ഫലപ്രഖ്യാപനത്തിനു മുമ്പ് മേരിയുടെ പരിശീലകൻ പറഞ്ഞ കാര്യം തെറ്റിദ്ധച്ചതാണ് മേരിക്ക് വിനയായത്. "നമ്മൾ 3 - 2ന് തോറ്റു, എന്നാൽ എന്റെ വിജയി നീയാണ്" എന്നായിരുന്നു പരിശീലകൻ പറഞ്ഞത്. ഇതിൽ 'വിജയി നീയാണ്' എന്നതു മാത്രമാണ് മേരി കേട്ടത്. മറ്റൊന്നും കേട്ടുമില്ല. മത്സരശേഷം വിജയിയെ പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പും മേരി ശ്രദ്ധിച്ചില്ല. പത്രക്കാർ തോൽവിയെകുറിച്ചുള്ള പ്രതികരണം ആരായാൻ എത്തിയപ്പോഴും മേരി അവരോട് സംസാരിച്ചത് വിജയി താൻ എന്ന ധാരണയിലായിരുന്നു. ഒടുവിൽ എല്ലാം കഴിഞ്ഞ് തന്റെ ട്വിറ്റർ പരതുമ്പോൾ അതിൽ വന്ന ട്വീറ്റുകളിൽ നിന്നുമാണ് താരം താൻ പരാജയപ്പെട്ടുവെന്ന് മനസിലാക്കുന്നത്.