pinarayi

തിരുവനന്തപുരം: കേസിൽ പ്രതിയായതുകൊണ്ട് ഒരാൾക്ക് മന്ത്രിയാകാൻ പാടില്ലെന്ന യു ഡി എഫിന്റെ നിലപാട് ആശ്ചര്യപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മന്ത്രി ശിവൻകുട്ടിക്കെതിരായ കേസിനെ നിയമപരമായി നേരിടുമെന്നും അതിന്റെ പേരിൽ രാജിവയ്ക്കുന്ന പ്രശ്നമേ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'സുപ്രീം കോടതിയുടെ വിധി അന്തിമമാണെന്നും അത് അനുസരിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും ഇന്നലെ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നതാണ്. കേസിനെ ആവശ്യമായ രീതിയിൽ കോടതിയിൽ നേരിടാനുളള നടപടി സ്വീകരിക്കും. ഇതിന്റെ പേരിൽ രാജിവയ്ക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല -മുഖ്യമന്ത്രി വ്യക്തമാക്കി.

സുപ്രീം കോടതി വിധിക്കെതിരായ പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും വിധിയെ മുഖ്യമന്ത്രി തെറ്റായി വ്യാഖ്യാനിച്ചുവെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. 'നിയമസഭയിലെ അക്രമങ്ങളെല്ലാം സഭയില്‍ തന്നെ തീര്‍ത്തുവെന്ന് പറഞ്ഞത് തെറ്റാണ്. കേരള, പഞ്ചാബ് നിയമസഭകളിലെ അക്രമങ്ങള്‍ പൊലീസ് കേസായിട്ടുണ്ട്. കോടതി പരാമര്‍ശത്തിന്റെ പേരില്‍ കെ.കരുണാകരനും കെ.എം.മാണിയും ഉള്‍പ്പെടെ രാജിവച്ചു. ഇവരാരും കോടതി ശിക്ഷിച്ചിട്ടല്ല രാജിവച്ചത് . മുഖ്യമന്ത്രി പറയുന്നതിൽ എന്ത് ന്യായമാണുള്ളത്-പ്രതിപക്ഷ നേതാവ് ചോദിച്ചു. രാജിക്കാര്യത്തിൽ പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നത്തെ സഭാ നടപടികൾ ബഹിഷ്കരിക്കുകയാണ്.