തിരുവനന്തപുരം കുറവൻകോണത്താണ് ഫ്ളാറ്റ്. അപ്പോൾ അനുവാദം ചോദിക്കാതെ കാറ്റ് ബാൽക്കണി വഴി മുറിയിലേക്ക് കയറി വന്നു. അമ്മു എന്ന ചെല്ലപ്പേരുകാരിയായ ദേവി അമ്മയുടെ അരികിൽ. മകൾ എന്താണ് സിനിമയിൽ അഭിനയിക്കാത്തതെന്ന ചോദ്യം ഇനി വരില്ല. 'എപ്പോഴാണ് അമ്മു സിനിമ"എന്ന് കേൾക്കാൻ ചെവി കൊടുക്കുകയും വേണ്ട. 26 വർഷത്തിനു ശേഷം ജലജയെ വീണ്ടും നമ്മൾ കണ്ടു. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിലൂടെ മലയാളത്തിലെ പഴയകാല നടി ജലജ ശക്തമായ തിരിച്ചുവരവ് നടത്തി. ഒ.ടി.ടി റിലീസായി എത്തിയ ചിത്രത്തിൽ ഫഹദിന്റെ ഉമ്മ ജമീല എന്ന കഥാപാത്രമായി അസാധ്യ പകർന്നാട്ടം. ജമീലയുടെ ചെറുപ്പകാലം അവതരിപ്പിച്ചു ദേവി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. അമ്മയുടെ ചെറുപ്പകാലം അവതരിപ്പിക്കാൻ മകൾക്ക് നിയോഗം.ജലജ കുടുംബത്തിൽ ഇനി നക്ഷത്രങ്ങൾ രണ്ട്.ഫ്ളാഷ് മുവീസിനുവേണ്ടി ജലജയും ദേവിയും ഒത്തുചേർന്നപ്പോൾ അലയടിച്ചത് ആഹ്ളാദനിമിഷങ്ങൾ.
ജലജ : മഹേഷ് വന്നു കഥ പറഞ്ഞു. തിരക്കഥ വായിച്ചു. ചെയ്യണോ വേണ്ടയോ എന്ന് ആദ്യം ആലോചിച്ചു. ചേച്ചി തന്നെ ചെയ്യണമെന്ന് മഹേഷ്. വലിയ സിനിമ. ശക്തമായ കഥാപാത്രം.സിനിമയിലേക്ക് മടങ്ങി വരാൻ ഇതിലും നല്ല അവസരം ലഭിക്കില്ലെന്ന് തോന്നി.മാത്രമല്ല പുതുതലമുറയിലെ പ്രതിഭാധനനായ സംവിധായകനാണ് മഹേഷ്. ജമീല എന്ന കഥാപാത്രത്തെ മോളായിരിക്കും അവതരിപ്പിക്കുന്നതെന്നാണ് ഞാൻ ആദ്യം കരുതിയത്. ജമീലയുടെ ചെറുപ്പകാലം മോൾ ചെയ്യട്ടെ എന്ന് അപ്പോൾ മഹേഷ്.
ദേവി: ആദ്യ ചുവടുവയ്പിന് നല്ല തുടക്കം തന്നെ ലഭിച്ചു. ചെറിയ വേഷമാണെങ്കിലും ചെയ്യുന്നത് അമ്മയുടെ ചെറുപ്പകാലമാണല്ലോ. ഇനി ഒരു സിനിമയിൽ ഇങ്ങനെ ഒരു വേഷം ലഭിക്കണമെന്നില്ലെന്ന് തോന്നി.മഹേഷേട്ടൻ മികച്ച സംവിധായകനും.അഞ്ചാംക്ളാസിൽ പഠിക്കുമ്പോൾ ഭാവിയിൽ സിനിമാനടിയാവുമെന്ന് അമ്മയുടെ 'Nokia" ഫോണിൽ എഴുതിയിട്ടുണ്ട്. എന്നെങ്കിലും സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ് അതു കാണുമ്പോൾ നല്ല രസമായിരിക്കുമെന്ന ചിന്തയിലാണ് എഴുതിയത്. ഇപ്പോൾ തോന്നുന്നു നോട്ട് ബുക്കിൽ എഴുതിയാൽ മതിയായിരുന്നുവെന്ന്.
ജലജ : എന്റെ മടങ്ങിവരവിനേക്കാൾ എനിക്ക് ഏറെ സന്തോഷം അമ്മു സിനിമയിൽ അഭിനയിച്ചുവെന്നതാണ്. ഫഹദ്, നിമിഷ, വിനയ് ഉൾപ്പെടെ എല്ലാവരും മികച്ച അഭിനേതാക്കൾ. മാലിക്കിൽ നിരവധി പുതുമുഖങ്ങളുണ്ട്. ആരാണ് കൂടുതൽ മികച്ച പ്രകടനം നടത്തിയതെന്ന് പറയാൻകഴിയില്ല.
ദേവി : ഒാർമവച്ച കാലംമുതൽ മനസിലെ ആഗ്രഹമാണ് സിനിമയിൽ അഭിനയിക്കുക എന്നത്. എന്റെ സ്വപ്നവും അതു തന്നെയായിരുന്നു. ആഗ്രഹിച്ചതുപോലെ സിനിമയിലേക്കു തന്നെ വന്നതിൽ ഒരുപാട് സന്തോഷമുണ്ട്.
ജലജ : നാലാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഞാൻ സിനിമാനടിയായിരുന്നുവെന്ന് അമ്മു അറിയുന്നത്. അതുവരെ ഞാൻ പറഞ്ഞതേയില്ല. അറിഞ്ഞപ്പോൾ നേരിട്ട് വന്നുചോദിച്ചു.
ദേവി : പുറത്തുപോവുമ്പോൾ പരിചയമില്ലാത്ത ആളുകള് അമ്മയുടെ അടുത്തുവന്ന് ചിരിച്ചു സംസാരിക്കുന്നു. പതുക്കെപതുക്കെ അറിയാൻ തുടങ്ങി.
ജലജ : ആദ്യസീൻ അഭിനയിച്ചുകഴിഞ്ഞപ്പോൾ അമ്മുവിന്റെ മുഖത്ത് സന്തോഷവും അത്ഭുതവും. ഒപ്പം സമാധാനവും. വിചാരിക്കുന്നതുപോലെ എളുപ്പമല്ല സിനിമയിൽ വരുന്നതും പ്രേക്ഷകരുടെ ഇഷ്ടം നേടുന്നതും എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.അഭിനയിക്കണമെന്ന ആഗ്രഹം തോന്നാൻ കാരണം ഒരുപക്ഷേ എന്റെ സിനിമകൾ അമ്മുവിനെ സ്വാധീനിച്ചിട്ടുണ്ടാവും.
ദേവി : ആദ്യദിവസം ടെൻഷനുണ്ടായിരുന്നു. ചന്തുവേട്ടൻ, സലിംകുമാർ അങ്കിളിന്റെ മോൻ ഞങ്ങൾ മൂന്ന് പേരുള്ള സീൻ. മഹേഷേട്ടൻ നല്ല പ്രോത്സാഹനം തന്നു. രണ്ടാമത് ടേക്കിൽ ഒാകെ. അപ്പോൾ ഞാൻ ഒാകെയായി.വർഷങ്ങളായി ആഗ്രഹിച്ച കാര്യം നന്നായി ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. എന്റെ സീനായിരുന്നു പാക്കപ്പ് ഷോട്ടും. അതും ഒരുപാട് സന്തോഷം തന്നു.
ജലജ : അമ്മുവിന്റെ അഭിനയം ഇഷ്ടപ്പെട്ടു. അമ്മ എന്ന നിലയിലും സന്തോഷം. അമ്മുവിന്റെ ആഗ്രഹം സഫലമായതിൽ ഒരുപാട് സന്തോഷമുണ്ട് പ്രകാശിനും എനിക്കും. ഇനിയും മുൻപോട്ട് പോവാൻ ഞങ്ങൾ രണ്ടുപേരുടെയും പ്രോത്സാഹനമുണ്ട്.
ദേവി : മാലിക് കണ്ടു ഒരുപാട് പേർ വിളിച്ചു. ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് അച്ഛൻ പറഞ്ഞു.എന്റെ സ്വപ്നത്തിന് ഒപ്പമായിരുന്നു അച്ഛനും അമ്മയും. എനിക്ക് കഴിവുണ്ടോയെന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമോയെന്നും ആലോചിച്ചിരുന്നു.ജീവിതത്തിൽ ആദ്യമായാണ് ഒരാളുടെ ചെകിടത്ത് അടിക്കുന്നത്. അത് സിനിമയിൽ ചെയ്തു.അടുത്ത സിനിമയിൽ എന്റെ ശബ്ദം കേൾക്കുമെന്ന ശുഭപ്രതീക്ഷയുണ്ട്. ലൊക്കേഷനിൽ ഫഹദിക്കയെയും നിമിഷയെയും കാണാൻ കഴിഞ്ഞില്ല. രണ്ടുപേരെയും അവാർഡ് ചടങ്ങിൽ പരിചയപ്പെട്ടിട്ടുണ്ട്.
ജലജ : ഫാസിൽ സാർ സംവിധാനം ചെയ്ത സലഭഞ്ജിക എന്ന നാടകത്തിലാണ് ആദ്യം അഭിനയിക്കുന്നത്. ഞാൻ അപ്പോൾ ആലപ്പുഴ സെന്റ് ജോസഫസ് കോളേജിൽ പ്രീഡിഗ്രി പഠിക്കുകയാണ്. നാടകത്തിലെ ഏക സ്ത്രീ കഥാപാത്രം . അന്ന് ഫാസിൽ സാർ സിനിമ ചെയ്തിട്ടില്ല.
ദേവി : ബഹ്റനിലെ ബ്രിട്ടീഷ് സ്കൂളിൽ പഠിക്കുമ്പോൾ നാടകം പഠനവിഷയമായിരുന്നു. പെൻസിൽവാനിയ വാർട്ടൻ ബിസിനസ് സ്കൂളിൽനിന്ന് ഇക്കണോമിക്സിലും ഇന്റർനാഷണൽ സ്റ്റഡീസിലും ഇരട്ട ബിരുദം നേടി. യുഎസിൽ തന്നെ ജോലി ലഭിക്കുമായിരുന്നു. എന്നാൽ ജോലി വേണ്ടെന്നും നാട്ടിൽ പോവാമെന്നും ഞാനാണ് അച്ഛനോടും അമ്മയോടും പറഞ്ഞത്.
ജലജ : ദേവി എന്താ ഇങ്ങനെയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചോദിച്ചു. അവളുടെ തീരുമാനം അതാണെന്ന് ഞാൻ.
ദേവി : അമ്മയെ കണ്ടാണോ അഭിനയിക്കാൻ തോന്നിയതെന്ന് പലരും ചോദിച്ചിട്ടുണ്ട്. എനിക്ക് അറിയില്ല. അമ്മയുടെ പഴയ സിനിമകളെല്ലാം കണ്ടിട്ടുണ്ട്.അധികം പേരും ദുഃഖപുത്രിമാർ.
ജലജ : ദുഃഖപുത്രി ഇമേജിൽ നിന്ന് പുറത്തുകടക്കാൻ ഒരിക്കലും ആഗ്രഹിച്ചില്ല. എല്ലാം കഥാപാത്രങ്ങളും വ്യത്യസ്തർ. തമ്പിൽ നിന്ന് അഭിനയ തുടക്കം. യവനികയിലെ രോഹിണി കരയുന്നുണ്ടെങ്കിലും ശക്തയായ സ്ത്രീ. മർമ്മരത്തിലെ നിർമ്മലയും ആലീസിന്റെ അന്വേഷണത്തിലെ ആലീസും വേനലിലെ രമണിയും ശാലിനി എന്റെ കൂട്ടുകാരിയിലെ അമ്മുവും വേറിട്ടവർ. ജീവിതത്തിൽ കരയാത്ത സ്ത്രീകളും പുരുഷന്മാരുമില്ല. കഥാപാത്രം മികച്ച രീതിയിൽ ചെയ്യണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ. വിവാഹത്തിനു മുൻപ് അപരാഹ്നം എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. അടുത്ത സിനിമ എപ്പോഴായിരിക്കുമെന്ന് അറിയില്ല.
ദേവി : പുതിയ സിനിമകൾ വരുന്നുണ്ട്. മാലിക്കിന് മുൻപും അവസരം വന്നിരുന്നു.
ജലജ : 26 വർഷം കഴിഞ്ഞ് സിനിമയിൽ അഭിനയിച്ച ശേഷം ആദ്യത്തെ ഓണം.
ദേവി : സിനിമയിൽ അഭിനയിച്ചു കഴിഞ്ഞ ആദ്യ ഓണം.ഒരുപാട്് സന്തോഷം തരുന്ന ഒാണം.