കാബൂൾ : സമാധാനത്തിന്റെ വക്താക്കളാണെന്ന് മേനി നടിക്കുന്ന താലിബാന്റെ ക്രൂരതകൾ ഒന്നൊന്നായി പുറത്ത് വരുന്നു. അഫ്ഗാൻ ഹാസ്യനടനെ ക്രൂരമായി കൊലചെയ്തത് തങ്ങളാണെന്ന് താലിബാൻ സമ്മതിച്ചു. ഇതോടെ അമേരിക്കൻ സൈന്യം പിൻവാങ്ങിയതിന് പിന്നാലെ ശക്തി പ്രകടിപ്പിക്കുന്ന താലിബാൻ വീണ്ടും ക്രൂരതയിലേക്ക് തിരിയുകയാണെന്ന് വ്യക്തമാവുകയാണ്. കണ്ഡഹാറിൽ താമസിക്കുന്ന ഖാഷാ സ്വാൻ എന്നറിയപ്പെടുന്ന ഹാസ്യനടൻ നസർ മുഹമ്മദിനെയാണ് ഭീകരർ വധിച്ചത്. മുൻപ് പൊലീസിൽ സേവനം അനുഷ്ടിച്ചിരുന്നയാളാണ് നസർ മുഹമ്മദ്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി തോക്കുധാരികൾ ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഇയാളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പുറത്തായിട്ടുണ്ട്. താലിബാൻ ഭീകരരാണ് ഹാസ്യതാരത്തിന്റെ കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചുവെങ്കിലും തങ്ങൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് താലിബാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇദ്ദേഹത്തെ കൊലപ്പെടുത്തിയ വീഡിയോ വൈറലായതോടെ താലിബാന്റെ പങ്ക് തെളിയുകയായിരുന്നു.
കൊലപാതകത്തിന് പിന്നിൽ തങ്ങളുടെ പങ്ക് പുറത്തായതോടെ കൊലപാതകത്തെ ന്യായീകരിച്ചിരിക്കുകയാണ് താലിബാൻ നേതൃത്വം. നസർ മുഹമ്മദ് കേവലം ഒരു ഹാസ്യനടൻ ആയിരുന്നില്ല പൊലീസുമായി അടുത്ത ബന്ധമാണ് പുലർത്തിയിരുന്നതെന്നാണ് ഭീകരർ പറയുന്നത്. നിരവധി ആളുകളുടെ മരണത്തിന് ഇയാൾക്ക് ഉത്തരവാദിത്തമുണ്ടെന്നും അവർ ആരോപിക്കുന്നു.
അതേസമയം ഹാസ്യനടന്റെ കൊലപാതകത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ അമർഷം ഉയരുകയാണ്.
'ഖാഷയുടെ മുഖം ഓരോ മനുഷ്യന്റെയും ഹൃദയത്തെ വേദനിപ്പിക്കുന്നു. അവർ അയാളെ വെടിവച്ചു കൊന്നു, അവർ ലോകത്തിലെ ഏറ്റവും ക്രൂരമായ ആളുകളാണ്', ഫേസ്ബുക്ക് പോസ്റ്റിൽ ഒരാൾ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്.
അഫ്ഗാനിസ്ഥാന്റെ 70 ശതമാനവും പിടിച്ചെടുത്തിട്ടുണ്ടെന്ന് അവകാശപ്പെടുന്ന താലിബാൻ അഫ്ഗാൻ സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാരയ ജനങ്ങൾ സുരക്ഷിത സ്ഥാനത്തേയ്ക്ക് പാലായനം ചെയ്യുകയാണിപ്പോൾ. അഫ്ഗാൻ സർക്കാർ രൂപീകരിച്ച അഭയാർഥിക്യാമ്പുകളിൽ ആയിരങ്ങളാണ് എത്തിച്ചേർന്നിട്ടുള്ളത്.