സിനിമകൾ തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കഴിയാത്ത ഒരു ഓണ സീസൺകൂടി വരികയാണ്. ഏറ്റവും ഒടുവിൽ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം തിയറ്ററുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിൽ സർക്കാർ ഇനിയും ഒരു തീരുമാനം എടുത്തിട്ടില്ല.ഇതര സംസ്ഥാനങ്ങളിൽ ചിലയിടങ്ങളിൽ അമ്പതുശതമാനം പ്രേക്ഷകരുമായി സിനിമ തിയറ്ററുകൾ പ്രദർശനം ആരംഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തിയറ്ററുകൾ തുറന്നു പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ചലച്ചിത്ര സംഘടനകൾ മുന്നോട്ടുവച്ചിട്ടുണ്ട്.ഉത്സവകാലങ്ങൾ നഷ്ടമാകുന്നതിലൂടെ ചലച്ചിത്ര വ്യവസായം നേരിടുന്ന നഷ്ടത്തിന്റെ കണക്കുകൾ പറയാവുന്നതിനുമപ്പുറമാണ്.കഴിഞ്ഞ ഒന്നരവർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു വിഭാഗം പട്ടിണിയിലാണെന്ന നഗ്നസത്യം വിസ്മരിക്കാനാവില്ല.ആ മേഖലയെ കാര്യമായി സഹായിക്കാൻ സർക്കാർ മുന്നോട്ടുവരണം.ഇപ്പോൾ പ്രേക്ഷകർക്ക് ആകെയുള്ള ആശ്വാസം ഒ.ടി.ടി പ്ളാറ്റ്ഫോമിൽ വരുന്ന സിനിമകൾ മാത്രമാണ്.തിയറ്ററുകളിൽ കാണുന്ന രസം ലഭിക്കില്ലെങ്കിലും ഈ കൊവിഡ് കാലത്ത് അതുംകൂടി ഇല്ലാതിരുന്നാലുള്ള കാര്യം ആലോചിക്കാനാവില്ല.നിറഞ്ഞപഞ്ഞത്തിന്റെ കർക്കടകവും കഴിഞ്ഞ് ചിങ്ങം പുലരുമ്പോൾ പ്രത്യാശയോടെ ഓണത്തെ വരവേൽക്കാതിരിക്കാൻ മലയാളിക്ക് കഴിയുകയില്ല. ഏവർക്കും ഹൃദയംഗമായ ഓണാശംസകൾ.