duplicate-brothers-

വാഹനാപകടത്തിൽപെട്ട യുവാവിൽ നിന്ന് കള്ളനോട്ട് പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് കള്ളനോട്ട് ശൃംഖലയിലെ 'ഡ്യൂപ്ലിക്കേറ്റ് ബ്രദേഴ്സ്' എന്നറിയപ്പെടുന്ന സഹോദരന്മാരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻപും സമാനമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള പനങ്ങാട് സ്വദേശികളായ എരാശേരി വീട്ടിൽ രാകേഷ് (37), രാജീവ് (35) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ സംഭവത്തിൽ പൊലീസ് ഇന്റലിജൻസ് സംവിധാനങ്ങളെ കുറ്റപ്പെടുത്തുകയാണ് കോൺഗ്രസ് നേതാവ് വി ടി ബൽറാം. രാജ്യദ്രോഹമായി കണക്കാക്കുന്ന ക്രിമിനൽ കേസിൽ അറസ്റ്റിലായ ആൾ ജാമ്യത്തിലിറങ്ങി സമാനമായ തെറ്റ് വീണ്ടും ആവർത്തിച്ചിട്ടും അത് നിരീക്ഷിക്കാൻ പൊലീസ് സംവിധാനങ്ങൾ പരാജയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ബൽറാം ചോദിക്കുന്നു. കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതിനാൽ പ്രതിക്ക് നേരെ സംസ്ഥാന പൊലീസ് കണ്ണടയ്ക്കുന്നതാണോ എന്നും അദ്ദേഹം ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


ഇതെന്തൊക്കെയാണ് കേരളത്തിൽ സംഭവിക്കുന്നത്!
രാജ്യദ്രോഹമായി കണക്കാക്കാവുന്ന ഒരു ക്രിമിനൽ കേസിൽ ഒരാൾ അറസ്റ്റ് ചെയ്യപ്പെടുക, ജാമ്യത്തിലിറങ്ങി വീണ്ടും അതേ പണി തന്നെ ചെയ്യുക, വീണ്ടും പിടിക്കപ്പെടുക, വീണ്ടും ജാമ്യത്തിലിറങ്ങി വേറെ സ്ഥലത്ത് അതേ പണി ചെയ്യുക, വീണ്ടും പിടിക്കപ്പെടുക. ഇതിങ്ങനെ പരമ്പരയായി തുടരുക!

നമ്മുടെ പോലീസിന് ഇന്റലിജൻസ് സംവിധാനങ്ങളൊന്നും നിലവിലില്ലേ? കൃത്യമായ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാൾ ജാമ്യത്തിലിറങ്ങിയാലും ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയാലും പിന്നീടയാൾ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് നിരീക്ഷിക്കാൻ പോലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? അതോ കേന്ദ്ര ഭരണകക്ഷിയുടെ പിന്തുണയുള്ളയാളായതുകൊണ്ട് സംസ്ഥാന പോലീസും കണ്ണടക്കുന്നതാണോ?

സ്‌കൂൾ വിദ്യാർത്ഥികളെപ്പോലും 'വർഷങ്ങളായി തുടർച്ചയായി നിരീക്ഷിച്ച്' അവർക്ക് മേൽ മാവോവാദി പട്ടവും യുഎപിഎ യുമൊക്കെ ചാർത്തിക്കൊടുക്കുന്ന കേരള പോലീസ് ഇതപോലുള്ള സ്ഥിരം കുറ്റവാളികൾക്കെതിരെയും ആ 'ജാഗ്രത' കാണിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു