corp

തിരുവനന്തപുരം: പത്ത് വർഷം മുമ്പ് പൂങ്കുളത്ത് നടപ്പാക്കാൻ തീരുമാനിച്ച ഭവനപദ്ധതി പുനരുജ്ജീവിപ്പിക്കാൻ കോർപ്പറേഷൻ തയ്യാറെടുക്കുന്നു. പദ്ധതി വീണ്ടും നടപ്പാക്കുന്നതിനെക്കുറിച്ച് സ്ഥിരതാപഠനം നടത്തുന്നതിനായി ശ്രീകാര്യത്തെ കോളേജ് ഒഫ് എൻജിനിയറിംഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 2.96 കോടി

2010ലാണ് ബേസിക് സർവീസസ് ടു അർബൻ (ബി.എസ്.യു.പി) ഭവന പദ്ധതി കോർപ്പറേഷൻ കൊണ്ടുവന്നത്. 2.96 കോടി ചെലവിലുള്ള പദ്ധതി നടപ്പാക്കുന്നതിന് 2008ൽ നിർമ്മിതി കേന്ദ്രത്തെയാണ് അംഗീകൃത ഏജൻസിയായി കണ്ടെത്തിയത്. ആറ് ബ്ളോക്കുകളിലായി അടിസ്ഥാന സൗകര്യങ്ങളുള്ള 120 വീടുകൾ നിർമ്മിക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടത്. 2009ൽ കോർപ്പറേഷൻ 39.32 ലക്ഷം അഡ്വാൻസായി നൽകി. ആദ്യ ബ്ളോക്കിന്റെ മൂന്നാമത്തെ നിലയുടെ ലിൻഡിൽ വാർത്തു. രണ്ടാം ബ്ളോക്കിന്റെ തൂണുകളുടെ ബീമും പൂർത്തിയാക്കി. തുടർന്ന് പണികൾ നടത്തണമെങ്കിൽ, പതിറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച നിർമ്മിതികളുടെ സ്ഥിരത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് എൻജിനിയറിംഗ് വിഭാഗം നിർദ്ദേശിച്ചു. പദ്ധതി രണ്ട് കോടിക്ക് തീർക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 2014ൽ നിർമ്മാണച്ചെലവ് ഒമ്പത് കോടിയായി ഉയർത്തി. ചെലവ് പിന്നീടും ഉയർന്നു. ഇതോടെ കോർപ്പറേഷൻ സ്ഥിരതാ സർട്ടിഫിക്കറ്റിനുള്ള തുക നിർമ്മാണ ഏജൻസിയിൽ നിന്ന് ഈടാക്കാൻ 2008ൽ കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു.

പദ്ധതിയിൽ ഉൾപ്പെട്ട 23 കോളനികളിൽ ഒന്നായിരുന്നു പൂങ്കുളം. ഹൗസിംഗ്, റോഡുകൾ, ജലവിതരണം, റോഡ്, തെരുവ് വിളക്കുകൾ, ഖര മാലിന്യ സംസ്‌കരണം, അംഗവാടികൾ എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനങ്ങൾ ലക്ഷ്യമിട്ടാണ് പദ്ധതി കൊണ്ടുവന്നത്. രണ്ട് മുറികൾ, അടുക്കള, 30 മുതൽ 60 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള ടോയ്‌ലറ്റ് എന്നിവയടങ്ങുന്ന വീടിനായി 1.2 ലക്ഷമാണ് അനുവദിച്ചത്. ഇതിൽ 12 ശതമാനം ഗുണഭോക്താവിന്റെ സംഭാവനയാണ്. നാല് ഘട്ടങ്ങളായി 208 കോടിയുടെ പദ്ധതിയാണ് നടപ്പാക്കാൻ ഉദ്ദേശിച്ചത്. 2015ൽ പദ്ധതിയുടെ സമയപരിധി അവസാനിക്കുമ്പോൾ 23 കോളനികളിലായി പുതിയ അപ്പാർട്ട്‌മെന്റുകൾ സ്ഥാപിക്കാനായിരുന്നു ലക്ഷ്യം. എന്നാൽ,​ ഇതിന്റെ പകുതി പോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. രാജാജി നഗർ (ചെങ്കൽച്ചൂള)​,​ കരിമഠം,​ കണ്ണമ്മൂല,​ കല്ലടിമുഖം,​ പൂങ്കുളം എന്നിവിടങ്ങളിൽ മാത്രമാണ് പദ്ധകി ഭാഗികമായെങ്കിലും നടപ്പാക്കാനായത്.

കരിമഠം കോളനിയിലെ ആകെയുള്ള 28 ബ്ലോക്കിൽ 12 എണ്ണവും ഉപേക്ഷിച്ചു. ഏഴ് പൂർത്തിയായി. ഒമ്പതെണ്ണത്തിന്റെ പണി പൂർത്തിയാകാനുണ്ട്. 13 തീരദേശ കോളനികളിലെ നിർമ്മാണം പൂർണമായും ഉപേക്ഷിച്ചു. കണ്ണമ്മൂലയിൽ 23 ബ്ളോക്കുകളിൽ ഏഴെണ്ണം 2015ൽ പൂർത്തിയാക്കി. പിന്നീട് ഒരു നിർമ്മാണവും നടന്നില്ല. റൂഫിംഗ് സംബന്ധിച്ച പ്രശ്നങ്ങൾ വന്നതോടെയാണ് പൂങ്കുളത്ത് നിർമ്മാണം നിലയ്‌ക്കുന്ന സ്ഥിതിയുണ്ടായത്. തൈക്കാട്,​ കടകംപള്ളി എന്നിവിടങ്ങളിലെ പദ്ധതിയിൽ ഗുണഭോക്താക്കളെ കണ്ടെത്താൻ പോലുമായില്ല. രാജീവ് നഗർ കോളനിയിൽ ആകെയുള്ള 30 ബ്ളോക്കുകളിൽ 22 എണ്ണവും 2015ൽ പൂർത്തിയാക്കി. എന്നാൽ,​ ശേഷിക്കുന്ന ബ്ളോക്കുകളുടെ പണികളൊന്നും തന്നെ മുന്നോട്ട് പോയതുമില്ല.