manasa

എറണാകുളം: കോളജ് വിദ്യാർത്ഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴിയിലാണ് സംഭവം. മരിച്ച രണ്ടുപേരും കണ്ണൂർ സ്വദേശികളാണ്. കണ്ണൂർ നാരത്ത് രണ്ടാം മൈൽ സ്വദേശിനി പി വി മാനസ (24) ആണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ രാഹിനാണ് മാനസയെ കൊലപ്പെടുത്തിയത്.

നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റൽ കോളജിൽ ഹൗസ് സർജൻസി വിദ്യാർത്ഥിനിയായിരുന്നു മരിച്ച മാനസ. കൂട്ടുകാരികൾക്കൊപ്പം കോതമംഗലത്തു വാടക വീട്ടിൽ താമസിച്ചിരുന്ന മാനസയെ രാഹിൻ വീട്ടിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ഇയാൾ മാനസയെ കൊലപ്പെടുത്തുന്നതിനായി കണ്ണൂരിൽനിന്ന് എറണാകുളത്ത് എത്തിയെന്നാണ് ലഭിക്കുന്ന വിവരം.

മാനസ കോളേജിനോട് ചേർന്ന വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. നീയെന്തിന് ഇവിടെ വന്നുവെന്ന് മാനസ ചോദിച്ചപ്പോൾ രാഹിൻ പെൺകുട്ടിയെ ബലമായി അടുത്ത മുറിയിലേക്ക് പിടിച്ചുകൊണ്ടുപോകുകയും അവിടെവച്ച് വെടിവയ്ക്കുകയും ആയിരുന്നു. ആളുകൾ മുറി തുറന്ന് അകത്ത് കടന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്. മാനസയുടെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്.