up-judge

ലക്‌നൗ: ജാർഖണ്ഡിൽ അഡിഷണൽ ജില്ലാ ജഡ്ജിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ഉത്തർപ്രദേശിലും സമാന സംഭവം. ഫത്തേപൂർ അഡിഷണൽ സെഷൻസ് ജഡ‌്ജി മൊഹദ് അഹമ്മദ് ഖാനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി.

പ്രയാഗ് രാജിൽ നിന്നും ഫത്തേപ്പൂരിലേക്ക് തിരിച്ചുവരുന്ന വഴി യു.പിയിലെ കൗശാംബി ജില്ലയിലെ കൊഖ്‌രാജിൽ വച്ച്​ ജഡ്​ജിയുടെ കാറിൽ, ഇന്നോവ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ ജഡ്​ജിയുടെ ഗൺമാന്​ പരിക്കേറ്റു.

തുടർന്ന്​ സമീപത്തുള്ള പൊലീസ്​ സ്റ്റേഷനിൽ വധശ്രമമുണ്ടായെന്ന് കാട്ടി ജഡ്ജി പരാതി നൽകി.

റോഡിൽ ഇടമുണ്ടായിട്ടും ഇന്നോവ കാർ തന്റെ കാറിൽ മനഃപൂർവം വന്നിടിക്കുകയായിരുന്നുവെന്നും ഒന്നിലധികം തവണ ഇടിച്ചുവെന്നും ജഡ്ജി പരാതിയിൽ വ്യക്തമാക്കി.

2020 ഡിസംബറിൽ ബറേലി കോടതിയിൽ ജഡ്ജിയായിരിക്കെ ഒരു യുവാവിന്റെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്ന്​ തനിക്കെതിരെ വധഭീഷണിയുണ്ടായിരുന്നതായും ആ യുവാവ് കൗശാംബിയിലാണ് താമസിക്കുന്നതെന്നും ജഡ്​ജി പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

ഇന്നോവയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ അലഹബാദ് ജില്ലാ കോടതിയിൽ അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്നു അഹമ്മദ് ഖാൻ.