kk

കോതമംഗലം: നെല്ലിക്കുഴിയില്‍ മെഡിക്കൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്താൻ യുവാവ് വന്നത് കണ്ണൂരിൽ നിന്ന്. ഇതിന് പിന്നാലെ കൊലപാതകം ആസൂത്രിതമാണെന്ന് സംശയം ബലപ്പെട്ടു. രാഖിൽ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

രാഖില്‍ മാനസയെ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചെത്തിയെന്നാണ് സമീപവാസികളും സഹപാഠികളും പറയുന്നത്. പിന്നീട് മാനസയുടെ മുറിയിലേക്ക് പോയ രാഖില്‍ വാതിലടയ്ക്കുകയും കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച് പെണ്‍കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ പ്രതി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്‌തെന്നാണ് നിഗമനം.

രാഖിലിന്റെ തലയുടെ പിന്‍ഭാഗത്താണ് വെടിയേറ്റിരിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. വെടിയേറ്റ് തലയുടെ പിന്‍ഭാഗം പിളര്‍ന്നനിലയിലായിരുന്നു. മാനസയ്ക്ക് രണ്ടുതവണ വെടിയേറ്റെന്നാണ് നിഗമനം.

അതേസമയം, പെണ്‍കുട്ടിയെ ശല്യംചെയ്തിരുന്നതായി കോതമംഗലം പൊലീസ് സ്‌റ്റേഷനില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. യുവാവിനെക്കുറിച്ച് കൂടുതല്‍വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ ശനിയാഴ്ച നടത്തുമെന്നും പൊലീസ് അറിയിച്ചു,​ .