danish

വാഷിംഗ്ടൺ: പുലിറ്റ്സർ പുരസ്‌കാര ജേതാവും ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള സംഘർഷത്തിനിടെയല്ല ഡാനിഷ് മരിച്ചതെന്നും താലിബാൻ പോരാളികൾ അദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖ പരിശോധിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നും അമേരിക്കൻ മാസികയായ വാഷിംഗ്ടൺ എക്സാമിനർ റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ട് പ്രകാരം അഫ്ഗാൻ സേനയ്‌ക്കൊപ്പം സംഘർഷബാധിത പ്രദേശമായ സ്പിൻ ബോൾഡാക്ക് മേഖലയിലേക്ക് പോകുകയായിരുന്നു ഡാനിഷ് സിദ്ദിഖി. കസ്റ്റംസ് പോസ്റ്റിന് സമീപംവച്ച് താലിബാൻ ആക്രമിച്ചതിനെ തുടർന്ന് സംഘം രണ്ടായി പിരിയുകയും സിദ്ദിഖി മൂന്ന് അഫ്ഗാൻ സൈനികരോടൊപ്പം യാത്ര തുടരുകയും ചെയ്തു. ഇതിനിടെ സിദ്ദിഖിക്ക് വെടിയേറ്റു. പരിക്കേറ്റ സിദ്ദിഖിയെ സമീപത്തെ പള്ളിയിലെത്തിച്ച സൈനികർ അദ്ദേഹത്തിന് പ്രഥമ ശുശ്രൂഷ നല്കി. എന്നാൽ ഒരു പത്രപ്രവർത്തകൻ പള്ളിയിലുണ്ടെന്ന വാർത്ത പരന്നതിനെ തുടർന്ന് താലിബാൻ പള്ളിയുടെ നേരേ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

താലിബാൻ പോരാളികൾ പിടികൂടുമ്പോൾ ജീവനുണ്ടായിരുന്ന സിദ്ദിഖിയെ എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞ ശേഷം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സിദ്ദിഖിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന അഫ്ഗാൻ കമാൻഡറും സൈനികരും കൊല്ലപ്പെട്ടത്.

ഡാനിഷിന്റെ മൃതദേഹത്തിന്റെ വീഡിയോകളും ഫോട്ടോകളും വിശദമായി പരിശോധിച്ചപ്പോൾ തലയ്ക്ക് മ‌ർദ്ദനമേറ്റതിന്റെയും നിരവധി തവണ വെടിയേറ്റതിന്റെയും പാടുകൾ കണ്ടെത്തി.

അന്താരാഷ്ട്ര തലത്തിൽ പാലിച്ചുപോരുന്ന യുദ്ധനിയമങ്ങളെ മാനിക്കാൻ താലിബാൻ തയ്യാറല്ലെന്നതിന്റെ ശക്തമായ തെളിവാണ് ഡാനിഷിനെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതെന്ന് റിപ്പോർട്ടിൽ ആരോപിക്കുന്നു.

എന്നാൽ ഡാനിഷ് സിദ്ദിഖിയുടെ മരണത്തിൽ പങ്കില്ലെന്ന നിലപാടാണ് താലിബാന്റേത്.

അഫ്ഗാൻ സേനയ്ക്കൊപ്പം ഒരു പത്രപ്രവർത്തകൻ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും,​ അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ലെന്നുമായിരുന്നു താലിബാൻ വാദം.