ggg

കെയ്​റോ: വാക്​സിനേഷൻ നിരക്ക്​ കുറഞ്ഞ മെഡിറ്ററേനിയൻ മേഖലയിൽ കൊവിഡ്​ നാലാം തരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടന. കൊവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള 'ഡെൽറ്റ വകഭേദമാണ് ഇതിന് പ്രധാന കാരണം. മെഡിറ്ററേനിയൻ മേഖലയിലെ 22ൽ 15 രാജ്യങ്ങളിലും ഡെൽറ്റ വകഭേദം റിപ്പോർട്ട്​ ചെയ്​തുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലുള്ള ഡെൽറ്റ വകഭേദത്തിന്‍റെ അതിവേഗ വ്യാപനം ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ കുറച്ച്​ ആഴ്ചകളായി രോഗബാധയും മരണനിരക്കും വർദ്ധിച്ചു വരികയാണെന്നും ഇവരിൽ അധികവും വാക്സിൻ എടുക്കാത്തവരാണെന്നും ഡബ്ല്യു​.എച്ച്​.ഒ റീജിയണൽ ഡയറക്​ടർ ഡോ. അഹ്​മദ്​ അൽ മന്ദരി പറഞ്ഞു​.

മുൻ മാസത്തെ അപേക്ഷിച്ച്​ രോഗബാധ 55 ശതമാനവും മരണം 15 ശതമാനവും വർദ്ധിച്ചു. ആഴ്ചയിൽ 3,10,000 കേസുകളും 3500 മരണങ്ങളുമാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട്​ ചെയ്യപ്പെടുന്ന ഉത്തര ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയടക്കമുള്ള രാജ്യങ്ങളിൽ വാക്സിനേഷൻ മന്ദഗതിയിലാണ്. ആരോഗ്യ മേഖലയിലെ മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമവും ഈ മേഖലകളിൽ വളരെ രൂക്ഷമാണ്.

ഡെൽറ്റ വകഭേദം ചിക്കൻ പോക്സ് പോലെ

അതേ സമയം അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വ​കഭേദം ചിക്കൻപോക്​സ്​ പോലെ അതിവേഗത്തിൽ പടരുമെന്ന്​ റിപ്പോർട്ട്​. ഡെൽറ്റ വകഭേദം അതിവേഗത്തിൽ പടരുമെന്ന്​ സി.ഡി.സി ഡയറക്​ടർ ഡോ.റോഷെല്ല പി വാലെൻസ്​കി മുന്നറിയിപ്പ്​ നൽകിയതിന് പിന്നാലെ യു.എസ്​ സെൻർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ്​​ പ്രിവ​ൻഷന്‍റെ കൈവശമുള്ളൊരു റിപ്പോർട്ടിൽ ഇത്തരമൊരു പരാമർശമുള്ളതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. വാക്​സിനെടുക്കാത്ത ആളുകളിൽ പടരുന്ന അതേ രീതിയിൽ തന്നെ വാക്​സിനെടുത്തവരിലും ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുമെന്നും സാർസ്​, ​എബോള, സ്​മോൾ പോക്​സ്​ തുടങ്ങിയ രോഗങ്ങൾക്ക്​ കാരണമായ വൈറസിനേക്കാളും വേഗത്തിൽ ഡെൽറ്റ പടരുമെന്നുമാണ്​ റിപ്പോർട്ടിൽ ഉള്ളതെന്ന് മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു.

കൊവിഷീല്‍ഡ് - സ്പുട്‌നിക് വി വാക്സിൻ മിശ്രണം വിജയകരം

കൊവിഷീല്‍ഡ്-സ്പുട്‌നിക് വി കമ്പനികളുടെ മിശ്രിത വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് പഠനം. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വി, അസ്ട്രാസെനകയുടെ കൊവിഷീല്‍ഡ് വാക്‌സിന്‍ എന്നിവ മിശ്രിതമായി നടത്തിയ പരീക്ഷത്തിൽ പാർശ്വ ഫലങ്ങൾ ഉണ്ടാകില്ലെന്നാണ് പഠനത്തിൽ പറയുന്നത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് ഇക്കാര്യം അറിയിച്ചത്.

അസര്‍ബൈജാനില്‍ 50 ആളുകളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വാക്‌സിനുകളുടെ മിശ്രിതം ഉപയോഗിക്കുന്നതുകൊണ്ട് പ്രതിരോധ ശേഷി കുറയില്ലെന്നും കൂടുകയാണ് ചെയ്യുന്നതെന്നും വൈറസിന്റെ കൂടുതല്‍ വകഭേദങ്ങള്‍ രൂപപ്പെടുന്ന സാഹചര്യത്തില്‍ മിശ്രിത വാക്സിനേഷന്‍ പോലുള്ള പദ്ധതികള്‍ കൊവിഡിനെതിരായ പോരാട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് അറിയിച്ചു.