barega

10000 മീറ്രറിൽ സെലെമോൺ ബരേഗ ചാമ്പ്യൻ

ഉഗാണ്ടയുടെ ജോഷ്വാ ചെപ്റ്രെഗിയെ വെള്ളിയിലേക്ക് പിന്തള്ളിയാണ് 21 കാരനായ ബരേഗയുടെ സ്വർണ നേട്ടം. 27 മിനിട്ട് 43.22 സെക്കൻഡിലാണ് ബരേഗ ഫിനിഷ് ലൈൻ കടന്നത്. സീസണിലെ മികച്ച പ്രകടനം പുറത്തെടുത്ത ജോഷ്വാചെപ്റ്റെഗി 27 മിനിട്ട് 43.63 സെക്കൻഡിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഉഗാണ്ടയുടെ തന്നെ ജോഷ്വാ കിപ്ലിമോ 27മിനിട്ട് 43.88 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെങ്കലം നേടി. ബരേഗയുടെ ആദ്യ മേജർ ടൈറ്രിലാണിത്.

അമേരിക്കൻ ടീം അയോഗ്യർ

4-400 മീറ്രർ റിലേയിൽ നിലവിലെ ലോകചാമ്പ്യൻമാരും ഉറച്ച മെഡൽ പ്രതീക്ഷയുമായിരുന്ന യു.എസ് ടീം ഹീറ്ര്‌സിൽ അയോഗ്യരായി. ബാറ്രൺ കൈമാറുന്നതിലെ പിഴവാണ് അമേരിക്കൻ ടീമിനെ അയോഗ്യരാക്കിയത്. ബാറ്രൺ കൈമാറുന്നതിന് അനുവദിച്ചുള്ള സ്ഥലത്തിന് പുറത്തുവച്ചാണ് ആദ്യ ലാപ്പിന് ശേഷം അമേരിക്കൻ ടീം ബാറ്റൺ കൈമാറിയത്.എലിസ ഗോഡ്‌വിൻ, ലയിന്ന ഇർബി,ടെയ്ലർ മാൻസൺ, ബ്രൈസ് ഡെഡ്മോ എന്നിവരാണ് അമേരിക്കൻ ടീമിലുണ്ടായിരുന്നത്. ഫൈനലിന് യോഗ്യത നേടിയിരുന്നെങ്കിൽ സൂപ്പർതാരം അലിസ്സൺ ഫെലിക്സ് ട്രാക്കിൽ ഇറങ്ങിയേനെ.

താ ലൂ വിന് മികച്ച സമയം

വനിതകളുടെ നൂറ് മീറ്രർ ഹീറ്ര്‌സിൽ ഐവറി കോസ്റ്ര് താരം മാരി ജോസീ താ ലൂ മികച്ച സമയം കുറിച്ചു.10.78 സെക്കൻഡിലാണ് താ ലൂ നാലാം ഹീറ്റ്‌സിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്. ഇന്ന് വൈകിച്ച് 6.20നാണ് ഫൈനൽ.