കോഴിക്കോട്: റെയിൽവേ പൊലീസിനെയും അധികൃതരെയും ആശങ്കയുടെ മുൾമുനയിൽ നിർത്തി കല്ലായിലെ റെയിൽവേ പാളത്തിൽ സ്ഫോടക വസ്തു കണ്ടെത്തി. കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് ഐസ്ക്രീം ബോംബ് രൂപത്തിലുള്ള സ്ഫോടക വസ്തു കണ്ടെത്തിയത്. ഇന്ന് രാവിലെ 7.15 ഓടെ റെയിൽവേ ജീവനക്കാരാണ് ട്രാക്കിൽ ഇവ കണ്ടെത്തിയത്. ഐസ്ക്രീം ബോളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഉടൻതന്നെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ പലപ്പോഴും ട്രെയിനുകൾക്ക് നേരെ കല്ലേറും ട്രാക്കിൽ മറ്റ് വസ്തുക്കൾ വച്ചതുമായുമുള്ള സംഭവങ്ങൾ നടക്കാറുള്ളതിനാൽ അതുമായി ബന്ധമുണ്ടെന്നായിരുന്നു സംശയം. സമീപത്തെ ഒരു വീട്ടിൽ കഴിഞ്ഞ ദിവസം വിവാഹം നടന്നിരുന്നതായും. അവിടെ അവശേഷിച്ച പടക്കങ്ങളിലെ മരുന്നുകൾ ഇവിടെ തള്ളുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് കമ്മിഷണർ എ.വി. ജോർജ്ജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
യാത്രാ ട്രെയിനുകൾ കടന്നു പോകുന്ന ട്രാക്കല്ലെങ്കിലും അട്ടിമറി സാദ്ധ്യത സംശയിച്ച് ഗൗരവത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് കാലത്തിന് മുമ്പ് മലബാർ മേഖലയിൽ പലയിടങ്ങളിലും ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടാകുന്നതും പതിവാണ്. ഇതിലൊന്നും കാര്യമായി പ്രതികളെ പിടികൂടാൻ സാധിക്കാറില്ല. ഇതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. ആർ.പി.എഫ് ചിലയിടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാറുണ്ടെങ്കിലും അതും വ്യാപകമല്ല. യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി അത്തരം സംവിധാനം വ്യാപിപ്പിക്കണമെന്നാണ് ആവശ്യം ഉയർന്നിട്ടുണ്ട്.