prahlad-modi

താനെ: തങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിക്കുന്നതുവരെ വ്യാപാരികളോട് ജി.എസ്.ടി അടയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ളാദ് മോദി. ഓൾ ഇന്ത്യ ഫെയർ പ്രെെസ് ഷോപ്പ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ ഇദ്ദേഹം വ്യാപാരികളുടെ പ്രശ്നങ്ങൾ മഹാരാഷ്ട്ര സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും അറിയിക്കാൻ പ്രക്ഷോഭം ആരംഭിക്കാനും ഉപദേശം നൽകി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിങ്ങളുടെ വീട്ടുപടിക്കൽ എത്തുന്ന തരത്തിലായിരിക്കണം പ്രക്ഷോഭം എന്നും വ്യാപാരികളുടെ സമ്മേളനത്തിൽ പ്രഹ്ളാദ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നരേന്ദ്ര മോദിയോ മറ്റാരെങ്കിലുമോ ആകട്ടെ, അവർ നിങ്ങളുടെ വാക്കുകൾ കേൾക്കണം. ആദ്യം മഹാരാഷ്ട്ര സർക്കാരിന് കത്തെഴുതുക, ഞങ്ങൾ പറയുന്നത് നിങ്ങൾ കേൾക്കുന്നതുവരെ ജി.എസ്.ടി നൽകുകയില്ല. നമ്മൾ ജനാധിപത്യത്തിലാണ് അല്ലാതെ അടിമത്വത്തിലല്ലെന്നും പ്രഹ്ളാദ് പറഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ കൊവിഡും ലോക്ക്ഡൗണും പ്രതികൂലമായി ബാധിച്ച വ്യാപാരികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ തങ്ങൾക്കെടുത്ത കേസുകൾ പിൻവലിക്കണമെന്ന് ഉൽഹാസ്ന​ഗറിൽ നിന്നും അംബർനാഥിൽ നിന്നുമുളള വ്യാപാരികൾ പ്രതികരിച്ചു. ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകൾ വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടിയതായും മുംബയിലെ പ്രാന്തപ്രദേശത്തുളള രണ്ട് ടൗൺഷിപ്പുകളിലെ ജീൻസ് വാഷിം​ഗ് യൂണിറ്റുകൾ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കണമെന്നും അവർ പ്രഹ്ളാദിനോട് പറഞ്ഞു.