manasa-ragil


കൊച്ചി: കോതമംഗലം കൊലപാതക കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. മാനസയുമായുള്ള ബന്ധം തകർന്നതിൽ വിഷമമില്ലെന്ന് രഗിൽ ബന്ധുക്കളോട് പറഞ്ഞിരുന്നു . കൂടാതെ വേറെ വിവാഹം ആലോചിക്കാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഗൾഫിലേക്ക് പോകാൻ ശ്രമിക്കുകയാണെന്നും രഗിൽ കുടുംബത്തെ അറിയിച്ചിരുന്നു. ജോലിക്കെന്നും പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്നും പോയത്.


അതേസമയം മാനസയുടെയും രഗിലിന്റെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. ഇരുവരുടെയും മൃതദേഹങ്ങൾ ഇപ്പോൾ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊണ്ടുപോകും. ഉച്ചയോട് കൂടി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.ഇവരുടെ ബന്ധുക്കൾ ഇന്നലെ രാത്രിതന്നെ കോതമംഗലത്തെത്തിയിരുന്നു.

ഇന്നലെ വൈകിട്ടാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിൽ ഹൗസ് സർജനായ കണ്ണൂർ നാറാത്ത് രണ്ടാം മൈലിൽ പാർവണത്തിൽ വിമുക്തഭടനായ പി.വി. മാധവന്റെയും അദ്ധ്യാപികയായ സബീനയുടെയും മകൾ പി.വി. മാനസ കൊല്ലപ്പെട്ടത്. കണ്ണൂർ പാറയാട് മേലൂർ രാഹുൽ നിവാസിൽ രഗിൽ വാടക വീട്ടിൽ അതിക്രമിച്ചുകയറിയാണ് കൃത്യം നടത്തിയത്. മാനസയെ വെടിവച്ചുകൊന്ന ശേഷം ഇയാൾ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ പരിചയപ്പെട്ടത്.