ന്യൂഡൽഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധന കാണുന്നതായി റിപ്പോർട്ടുകൾ. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം വർദ്ധിക്കുന്നു. തമിഴ്‌നാട്ടിൽ 100 കേസുകൾ വർദ്ധിച്ച് 1859 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് കണക്ക് അനുസരിച്ച് 41,649 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 593 പേർ മരണമടഞ്ഞതായി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 3.16 കോടിയായി. മരണമടഞ്ഞവരുടെ എണ്ണം 4,23,810 ആയി. 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവർ 37,291 ആണ്. ആകെ രോഗമുക്തർ 3.07 കോടിയാണ്.
രാജ്യത്ത് ഏറ്റവുമധികം പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. 22,064 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത് മഹാരാഷ്‌ട്രയാണ് 7242. എന്നാൽ കൊവിഡ് മരണനിരക്കിൽ പ്രതിദിന കണക്കിൽ മുന്നിൽനിൽക്കുന്നത് മഹാരാഷ്‌ട്രയാണ്. 24 മണിക്കൂറിനിടെ 190 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. കേരളത്തിൽ 128ഉം.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കേരളത്തിൽ ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണാണ്. കേന്ദ്ര സംഘം സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ സന്ദർശനം നടത്തുകയാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 51.83 ലക്ഷം ഡോസ് വാക്‌സിൻ നൽകി. ആകെ നൽകിയ വാക്‌സിൻ ഡോസ് എണ്ണം 46.15 കോടിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.