djokovic

ടോക്യോ: ഒളിമ്പിക്സ് ടെന്നിസ് പുരുഷവിഭാഗം ടെന്നിസിന്റെ വെങ്കല മെഡൽ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് പരാജയപ്പെട്ടു. സ്പെയിനിന്റെ പാബ്ളോ കരേനോയോട് മൂന്ന് സെറ്റ് നീണ്ടു നിന്ന പോരാട്ടത്തിലാണ് ജോക്കോവിച്ച് അടിയറവ് പറഞ്ഞത്. സ്കോർ 6-4, 6-7, 6-3.

ഇതോടെ ഒളിമ്പിക്സ് സിംഗിൾസ് വിഭാഗത്തിൽ നിന്ന് ലോക ഒന്നാം നമ്പർ താരമായ ജോക്കോവിച്ചിന് മെഡലുകൾ ഒന്നും ലഭിക്കില്ലെന്ന് ഉറപ്പായി. മിക്സഡ് ഡബിൾസ് വെങ്കല മെഡൽ മത്സരത്തിൽ ജോക്കോവിച്ച് - സ്റ്റൊജാനോവിച്ച് സഖ്യം മത്സരിക്കും. ഈ ഒളിമ്പിക്സിൽ മെഡൽ നേടാനുള്ള ജോക്കോവിച്ചിന്റെ അവസാന അവസരമാണത്. ബ്രിട്ടന്റെ പീഴ്‌സ് - ബാർട്ടി സഖ്യമാണ് എതിരാളികൾ.

നേരത്തെ ഒളിംപിക്സ് സ്വര്‍ണം കൂടി നേടി കരിയറില്‍ ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കാമെന്ന നൊവാക് ജോക്കോവിച്ചിന്‍റെ സ്വപ്നം സെമിയിൽ തോറ്റതോടു കൂടി തന്നെ പൊലിഞ്ഞിരുന്നു. സെമിയില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ജോക്കോവിച്ച് തോറ്റത്. സ്കോർ 1-6, 6-3, 6-1.