ടോക്യോ: ഇന്ത്യയ്ക്ക് തിരിച്ചടികൾ നിറഞ്ഞ ഇന്നലെ ഒളിമ്പിക്സ് ബാഡ്മിന്റണിൽ സുവർണ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവിന് വനിതാ സിംഗിൾസ് സെമിയിൽ അടിതെറ്റി. ലോക ഒന്നാം റാങ്കുകാരി ചൈനീസ് തായ് പേയ്യുടെ തായി സൂ യിംഗാണ് നിലവിലെ വെള്ളിമെഡൽ ജേതാവിനെ സെമിയിൽ വീഴ്ത്തിയത്. 21-18,21-12 നായിരുന്നു വിജയം. വെങ്കല മെഡലിനായുള്ള മത്സരത്തിൽ സിന്ധു ഇന്ന് വൈകിട്ട് 5ന് ചൈനയുടെ ഹീ ബിൻജിയാവോയെ നേരിടും.
അമ്പെയ്ത്തിൽ അവസാന പ്രതീക്ഷയായിരുന്ന അതാനുദാസ് ഇന്നലെ പ്രീക്വാർട്ടറിൽ ഉന്നം മറന്ന് തെന്നിപ്പറന്നു.
ബോക്സിംഗിൽ ക്വാർട്ടറിൽ ജയിച്ച് മെഡലുറപ്പിക്കാനിറങ്ങിയ പൂജാ റാണിയും ആദ്യ മത്സരത്തിനിറങ്ങിയ അമിത് പംഘലും തോറ്റതാണ് മറ്റൊരു തിരിച്ചടി. ലോംഗ് ജമ്പിൽ മലയാളി താരം എം.ശ്രീശങ്കറിന് സ്വന്തം നിലവാരത്തിനടുത്തെത്താൻ സാധിക്കാതെ പുറത്താവേണ്ടിവന്നു.
ആവേശം കമൽപ്രീത്
വനിതകളുടെ ഡിസ്കസ് ത്രോയിൽ പ്രാഥമിക റൗണ്ടിൽ രണ്ടാം സ്ഥാനക്കാരിയായി ഫൈനലിൽ ഇടംപിടിച്ച കമൽപ്രീത് കൗറാണ് ഇന്നലെ ഇന്ത്യയ്ക്ക് ആവേശമായത്. 64 മീറ്ററാണ് കമൽ കണ്ടെത്തിയ ദൂരം. നാളെയാണ് ഫൈനൽ. പുരുഷ ബോക്സിംഗിൽ ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങുന്ന സതീഷ്കുമാറിന് ജയിക്കാനായാൽ മെഡലുറപ്പിക്കാം.
വേഗറാണി എലൈൻ
മൂന്ന് മെഡലുകളും ജമൈക്കക്കാർ സ്വന്തമാക്കിയ അത്ലറ്റിക്സിലെ വനിതകളുടെ 100 മീറ്ററിൽ ഷെല്ലി ആൻ ഫ്രേസറെ അട്ടിമറിച്ച് എലൈൻ തോംപ്സൺ ഹെറാ ഈ ഒളിമ്പിക്സിലെ വേഗറാണിയായി. 10.61 സെക്കൻഡിലാണ് എലൈൻ ഫിനിഷ് ചെയ്തത്.ഷെല്ലി 10.74 സെക്കൻഡിലും. ഷെറിക്ക ജാക്സണാണ് (10.76 ) വെങ്കലം നേടിയത്.
10.61 വനിതാ 100 മീറ്ററിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ഇന്നലെ എലൈൻ കുറിച്ച 10.61 സെക്കൻഡ്. 1988 ലെ സ്യോൾ ഒളിമ്പിക്സിൽ ഫ്ളോ ജോ കുറിച്ച 9.61 സെക്കൻഡിന്റെ ഒളിമ്പിക് റെക്കാഡിനൊപ്പമാണ് എലൈൻ ഇന്നലെ എത്തിയത്. ഈയിനത്തിലെ ലോക റെക്കാഡ് (9.49സെക്കൻഡ് ) ഇപ്പോഴും ഫ്ളോ ജോയുടെ പേരിലാണ്.
പുരുഷന്മാർക്ക് പിന്നാലെ വനിതാ ഹോക്കിയിലും ഇന്ത്യ ക്വാർട്ടറിലെത്തി. പുരുഷന്മാർ ഇന്ന് ക്വാർട്ടറിൽ ബ്രിട്ടനെ നേരിടും.