ടോക്യോ : ആദ്യ മൂന്ന് മത്സരങ്ങളിലെ തോൽവിക്ക് ശേഷം അവസാനത്തെ രണ്ട് മത്സരങ്ങളിലും ഗംഭീര ജയം നേടി വനിതകളുടെ ഹോക്കിയിൽ ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ വന്ദനാ കതാരിയയുടെ തകർപ്പൻ ഹാട്രിക്കിന്റെ പിൻബലത്തിൽ നാലിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ ഇന്നലെ രാവിലെ ക്വാർട്ടർ പ്രതീക്ഷ നിലനിറുത്തിയത്. വൈകിട്ട് നടന്ന പൂളിലെ അവസാന മത്സരത്തിൽ അയർലൻഡ് ഗ്രേറ്റ് ബ്രിട്ടണോട് തോറ്രതോടെയാണ് ഇന്ത്യ പൂളിലെ നാലാം സ്ഥാനക്കാരായി ക്വാർട്ടർ ഉറപ്പിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോശളുകൾക്കാണ് ബ്രിട്ടൺ അയർലൻഡിനെ കീഴടക്കിയത്. അയർലൻഡ് ബ്രിട്ടണോട് തോൽക്കുകയോ സമനിലയിൽ പിരിയുകയോ ചെയ്താലെ ഇന്ത്യയ്ക്ക് ക്വാർട്ടറിൽ കടക്കാൻ കഴിയുമായിരുന്നുള്ളൂ.5 മത്സരങ്ങളിൽ നിന്ന് 2 ജയമുൾപ്പെടെ 6 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിൽ എത്തിയത്.
പൂളിലെ അവസാന മത്സരത്തിൽ ത്രില്ലർ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്നത്. മൂന്ന് തവണ ഒപ്പം പിടിച്ച ദക്ഷിണാഫ്രിക്കയെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ മറികടന്നത്. ഹാട്രിക്കുമായി ചരിത്രം കുറിച്ച വന്ദനയെക്കൂടാതെ യുവകാരം നേഹ ഗോയലും ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടു.
നാളെ ബി ഗ്രൂപ്പിലെ ഒന്നാ സ്ഥാനക്കാരായ ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ക്വാർട്ടർ പോരാട്ടം.
ഹാട്രിക്ക് പിതാവിന് സമർപ്പിച്ച് വന്ദന
വന്ദന കത്താരിയയുടെ റെക്കാഡ് ഹാട്രിക്കാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയമൊരുക്കിയത്. ഇന്ത്യയ്ക്കായി ഒളിമ്പിക്സിൽ ഹോക്കിയിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന റെക്കാഡാണ് ഇരുപത്തിയൊമ്പതുകാരിയായ വന്ദന സ്വന്തമാക്കിയത്. കഴിഞ്ഞിടെ അന്തരിച്ച പിതാവ് നഹർ സിംഗിനാണ് വന്ദന ഈ നേട്ടം സമർപ്പിക്കുന്നത്.